|    Oct 23 Mon, 2017 6:17 am
Home   >  Editpage  >  Middlepiece  >  

എന്തതിശയമേ ഈ ആദര്‍ശശുദ്ധി!

Published : 26th March 2016 | Posted By: RKN

ഹനീഫ എടക്കാട്

എ കെ ആന്റണി രാജ്യസഭയില്‍ ഒരുവട്ടംകൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2005 മുതല്‍ എ കെ ആന്റണി കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ കേന്ദ്ര പ്രതിരോധമന്ത്രിയും. അതിനു മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. വി എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് ഒരുവട്ടം കൂടി മല്‍സരിക്കുമെന്ന് പാര്‍ട്ടി പറയുന്നു. അതിനു മുമ്പ് മലമ്പുഴയില്‍നിന്ന് രണ്ടുവട്ടം മല്‍സരിച്ചു ജയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. അമ്പലപ്പുഴ, മാരാരിക്കുളം മണ്ഡലങ്ങളില്‍നിന്നു വിജയിച്ച് നിയമസഭാ സാമാജികനായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നിട്ടും ഇരുവരുടെയും പാര്‍ലമെന്ററി മോഹത്തിന് തരിമ്പും തുരുമ്പുപിടിച്ചില്ല. ഇനി പുതിയ തലമുറയ്ക്കുവേണ്ടി മാറിനിന്നേക്കാമെന്ന ഉള്‍വിളി തോന്നിയുമില്ല.നിലവിലെ ഇടത്-വലതു മുന്നണികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് ഇരുവരും. തീര്‍ന്നില്ല. ഈ രണ്ടുപേരുമാണ് പ്രസ്തുത പാര്‍ട്ടിയിലെ ആദര്‍ശ വീരകേസരികളെന്ന് പത്രങ്ങള്‍ രാവിലെയും ചാനലുകള്‍ രാത്രിയിലും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആദര്‍ശംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത രണ്ടു നേതാക്കള്‍ക്കും ജനങ്ങളെ സേവിച്ച് മതിയായില്ലെന്നതാണ് നാം കേരളീയരെ അഭിമാനംകൊള്ളിക്കേണ്ടത്. ആദര്‍ശപ്രതീകങ്ങളായ ഇരുവര്‍ക്കും അധികാരസ്ഥാനത്തോട് വിരക്തിയില്ലെങ്കില്‍ പിന്നെ മറ്റു നേതാക്കളുടെ കാര്യം പറയേണ്ടല്ലോ. കോണ്‍ഗ്രസ്സിലും ലീഗിലും കേരളാ കോണ്‍ഗ്രസ്സിലും മല്‍സരം തങ്ങളുടെ കുത്തകാവകാശമാക്കിയവര്‍ ഏറെയുണ്ട്. താരതമ്യേന ഇത്തരം അസ്‌ക്യതകള്‍ കുറവായിരുന്ന സിപിഎമ്മിലും കാര്യങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വഴിക്കാണ് പോവുന്നതെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. പരിണിതപ്രജ്ഞരായ ഇത്തരം നേതാക്കള്‍ മല്‍സരിച്ചില്ലെങ്കിലോ വിജയിച്ചില്ലെങ്കിലോ കേരളത്തിലെ ജനാധിപത്യത്തിനോ ഭരണസംവിധാനത്തിനോ എന്തെങ്കിലും കോട്ടം സംഭവിക്കുമോ? പാലായില്‍നിന്ന് മാണിയില്ലെങ്കില്‍ നിയമസഭ ചേരാന്‍ പറ്റില്ലേ? പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ കേരളത്തിലെ ഭരണസിരാകേന്ദ്രം നിലയ്ക്കുമോ? മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയില്ലെങ്കില്‍ കേരളത്തിന്റെ വ്യവസായരംഗം മുരടിക്കുമോ? മലമ്പുഴയില്‍നിന്ന് വിഎസില്ലെങ്കില്‍ കേരളം അഴിമതിക്കാരുടെ കൂത്തരങ്ങാവുമോ? ഇവരാരുമില്ലെങ്കിലും നിയമസഭാ സമ്മേളനം അതിന്റെ മുറയ്ക്ക് നടക്കും, ഒരു തടസ്സവുമില്ലാതെ. ഭരണസംവിധാനം നിലച്ചുപോവുകയുമില്ല.ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്നാണു വയ്പ്. പക്ഷേ, സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജനങ്ങള്‍ക്ക് എന്ത് റോളാണുള്ളത്. തിരുവമ്പാടിയില്‍ തങ്ങള്‍ പറയുന്നവരെ നിര്‍ത്തണമെന്ന് അരമനനേതൃത്വം പറയും. പി കെ ഫിറോസിനെ ഒരു മണ്ഡലത്തിലും നിര്‍ത്താന്‍ അനുവദിക്കില്ലെന്ന് സമസ്ത തിട്ടൂരമിറക്കും. ജയിച്ചുകഴിഞ്ഞാല്‍ അതു തങ്ങളുടെ മിടുക്കുകൊണ്ടാണെന്ന് കാന്തപുരം പറയും. ഇങ്ങനെ ജാതി-മതനേതാക്കളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ ഇടംപിടിക്കുന്നവര്‍ക്കും ലോബിയിങിന് വന്‍ തുക ചെലവിടാന്‍ സാധിക്കുന്നവര്‍ക്കും മുന്നണിസ്ഥാനാര്‍ഥിയായി വേഷംകെട്ടാം. പേമെന്റ് സീറ്റ് വിവാദം കോണ്‍ഗ്രസ്സില്‍ മാത്രമല്ല, സിപിഐയില്‍ പോലും വിവാദകൊടുങ്കാറ്റുയര്‍ത്തിയത് നാം മറന്നിട്ടില്ലല്ലോ. തോമസ് ചാണ്ടിയും മഞ്ഞളാംകുഴി അലിയുമൊക്കെ വിദ്യാര്‍ഥി-യുവജന രാഷ്ട്രീയം വഴി എത്രവട്ടം കലക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ മാര്‍ച്ച് നടത്തിയിട്ടുണ്ട്. ആര്‍ക്ക്‌ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ വിവിധ വേഷങ്ങള്‍ കെട്ടിയാടി കൈനിറയെ കാശും പ്രശസ്തിയും നേടിയെടുത്തവര്‍ക്ക്, മികച്ച വേഷം യുവനടന്‍മാര്‍ കൈയടക്കിയപ്പോള്‍ എന്നാപ്പിന്നെ ജനസേവനം നടത്തിയേക്കാമെന്ന് ധൈര്യം കൊടുക്കുന്നത് ഇരുമുന്നണികളുമാണെന്നതാണു കഷ്ടം. 10ഉം 20ഉം വര്‍ഷമല്ല, തുടര്‍ച്ചയായ 35ഉം 50ഉം വര്‍ഷം വരെ നിയമസഭാ സാമാജികരായവരുണ്ട് ഇപ്പോഴും മല്‍സരരംഗത്തിറങ്ങാന്‍ ക്യൂനില്‍ക്കുന്നവരില്‍. 1965 മുതല്‍ എംഎല്‍എയാണ് കെ എം മാണി. 50 വര്‍ഷം കഴിഞ്ഞു ഇദ്ദേഹം ജനങ്ങളെ സേവിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെ എത്രവട്ടം മന്ത്രിയായി. മകന്‍ ജോസ് കെ മാണിക്കും ജനസേവനത്തിന് അവസരം വാങ്ങിനല്‍കാനുള്ള ഉത്തരവാദിത്തവും അദ്ദേഹം മറന്നില്ല. അഴിമതിയുടെ കരിനിഴലില്‍പ്പെട്ടിട്ടും ഇനിയും ഒന്നല്ല, എത്ര അങ്കത്തിനും തയ്യാറാണെന്നാണ് ചാനല്‍മൈക്കിന് മുന്നിലെ ഇദ്ദേഹത്തിന്റെ വീരവാദം. 1970 മുതല്‍ പുതുപ്പള്ളിയില്‍നിന്ന് മറ്റൊരു കോണ്‍ഗ്രസ്സുകാരനും മല്‍സരിക്കാന്‍ ഇടംനല്‍കാതെ കുറ്റിയടിച്ചു നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ധനമന്ത്രി, യുഡിഎഫ് കണ്‍വീനര്‍ എന്നിത്യാദി പദവികളും വഹിച്ചു. എന്നിട്ടും ജനങ്ങളെ സേവിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കുഞ്ഞൂഞ്ഞ്. 1967 മുതല്‍ മല്‍സരരംഗത്തുണ്ട് വിഎസ്. ഇപ്പോള്‍ 92ാം വയസ്സിലും മലമ്പുഴയില്‍നിന്ന് മല്‍സരിക്കാന്‍ ഇദ്ദേഹം ഒരുങ്ങിക്കഴിഞ്ഞു. കെ ആര്‍ ഗൗരിയമ്മയും ആര്‍ ബാലകൃഷ്ണപ്പിള്ളയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതുകൊണ്ട് ജനം രക്ഷപ്പെട്ടു.കെ സി ജോസഫ് കോട്ടയത്തു നിന്ന് കണ്ണൂര്‍ ഇരിക്കൂറിലെത്തിയത് 1982ലാണ്. അന്നുതൊട്ട് ഇന്നുവരെ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഇരിക്കൂര്‍ സ്വപ്‌നംകാണാന്‍ ധൈര്യപ്പെട്ടിട്ടില്ല. തോറ്റും ജയിച്ചും 1980 മുതല്‍ പി സി ജോര്‍ജും മല്‍സരരംഗത്തുണ്ട്. ഇ അഹമ്മദ് 1967ലാണ് ആദ്യം എംഎല്‍എയാവുന്നത്. അന്നുതൊട്ടിങ്ങോട്ട്  എത്രവട്ടം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മല്‍സരിച്ചിട്ടുണ്ടാവുമെന്ന് പ്രായാധിക്യം കാരണം അദ്ദേഹത്തിനു തന്നെ വലിയ തിട്ടമുണ്ടാവുമെന്നു തോന്നുന്നില്ല.      $

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക