|    Dec 19 Wed, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എത്രയോ ചട്ടങ്ങളും ആചാരങ്ങളും മാറ്റിയാണ് സമൂഹം മുന്നോട്ടുപോയത്: മുഖ്യമന്ത്രി

Published : 9th November 2018 | Posted By: kasim kzm

ഗുരുവായൂര്‍: എത്രയോ ചട്ടങ്ങളും ആചാരങ്ങളും മാറ്റിയാണ് സമൂഹം മുന്നോട്ടുപോയതെന്നും നവോത്ഥാനം സമൂഹത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചമാണു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂര്‍ സത്യഗ്രഹമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്നതു നാം മറക്കരുത്. ഋതുമതിയായ സത്രീക്കും ചുടലകാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്. അതിനെ തിരുത്താന്‍ ശ്രമിക്കുന്നതു ശരിയല്ല. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസമെന്ന് നാം മനസ്സിലാക്കണം- മുഖ്യമന്ത്രി പറഞ്ഞു.
വടകരയിലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് അധഃകൃതരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തുടര്‍ന്നാണ് 1931ല്‍ ഗുരുവായൂര്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചത്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വഴികാട്ടിയാണ് 1924ലെ വൈക്കം സത്യഗ്രഹം. ഇത്തരം സമരങ്ങളിലൊക്കെ സവര്‍ണവിഭാഗത്തിലെ ഉല്‍പതിഷ്ണുക്കള്‍ പങ്കെടുത്തെന്ന കാര്യം മറക്കരുത്. അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട് ഇപ്പോള്‍ കൈക്കൊള്ളാന്‍ വര്‍ത്തമാനകാലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തണം.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കെ കേളപ്പനൊപ്പം എകെജിയും കൃഷ്ണപ്പിള്ളയും സുബ്രഹ്മണ്യന്‍ തിരുമുമ്പും വിഷ്ണുഭാരതീയനും മറ്റും സജീവമായിരുന്നു. ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിനു വേണ്ടിയായിരുന്നു സമരം. സത്യഗ്രഹത്തിന്റെ അവസാനകാലത്തും അവര്‍ണരുടെ ക്ഷേത്രപ്രവേശനം സാധ്യമായില്ല. പക്ഷേ, സാമൂഹികാവബോധത്തില്‍ മാറ്റമുണ്ടായി. 1947 ജൂണ്‍ 2നാണ് ഗുരുവായൂരില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. ഇത്തരം മാറ്റങ്ങള്‍ക്കെതിരേ ഏക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവരുടെ അട്ടിപ്പേറെടുക്കാന്‍ ഒരു രാഷ്ട്രീയപ്രസ്ഥാനവും തയ്യാറായില്ല. എന്നാല്‍, അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ് ഇന്നു മാറ്റങ്ങള്‍ പാടില്ലെന്നു പറയുന്നത്. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തില്‍ എവിടെയാണെന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും- മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss