|    Sep 19 Wed, 2018 10:12 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

എത്രയും പ്രിയപ്പെട്ട കാസരോഗം അറിയുന്നതിന്…

Published : 1st May 2017 | Posted By: fsq

ഇന്ന് ലോക ആസ്ത്മ ദിനമാണ്. ലോകമെമ്പാടും കോടിക്കണക്കിന് സ്ത്രീകളും കുട്ടികളും നിരന്തര ശല്യക്കാരനായ ഈ രോഗത്തിന്റെ ക്രൂരമായ പിടിയിലാണ്. പ്രമേഹം കഴിഞ്ഞാല്‍ ലോക ജനസംഖ്യയില്‍ കുട്ടികള്‍ മാത്രം 70 ശതമാനം ആസ്ത്്മയുടെ പിടിയിലാണ്. പൊടി, പുക, പുഷ്പപരാഗങ്ങള്‍, പശു വിസര്‍ജ്യങ്ങള്‍ എന്നിവയൊക്കെ അലര്‍ജിക്കു കാരണമാണ്. അലര്‍ജിക്ക് ചികില്‍സിച്ച് ആസ്ത്മയിലെത്തുമ്പോള്‍ രോഗിയും ബന്ധുക്കളും തിരിച്ചറിയുന്നു; രോഗം പാടെ തുടച്ചുനീക്കാന്‍ ഒരു ചികില്‍സയ്ക്കും പഞ്ചഗവ്യങ്ങള്‍ക്കും സാധ്യമല്ലെന്ന്.  ഞാന്‍ ഒരു ആസ്ത്്മ രോഗിയാണ്. ബ്രോങ്കൈറ്റിക്കല്‍ ആസ്ത്മ എന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ എന്റെ ശ്വാസംമുട്ടലിനും ചൊറിച്ചിലിനും നല്‍കിയ വിശദീകരണം. ഡല്‍ഹിയിലെ ത്രിവര്‍ഷ പഠനകാലത്തും മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഉദ്യോഗകാലത്തും നാനാവിധ ചികില്‍സകള്‍. സിദ്ധവൈദ്യം തൊട്ട് ഇന്‍ഹെയ്‌ലര്‍ ചികില്‍സ വരെ. അതികഠിനമായ പുകവലിയില്‍ നിന്നാണ് എന്നെ ആസ്ത്മ ഉറ്റമിത്രമാക്കിയത്. പുതിയ പുസ്തകം തുറന്നാല്‍ മതി, ഉടന്‍ തുടങ്ങും അണ്ണാക്കില്‍ ചൊറിച്ചില്‍. തുടര്‍ന്ന് തുമ്മല്‍, മൂക്കുചീറ്റല്‍, കണ്ണില്‍ വെള്ളം നിറയുക. കഠിനമായ കോപവും തൊട്ടുപിറകെ വരും. ജനിച്ച നാള്‍തൊട്ടേ ശ്വാസംമുട്ട് സഹയാത്രികയായതിനാല്‍ പുകവലിയാണ് രോഗകാരണമെന്നു നിരീക്കാന്‍ പ്രയാസം. കേരളം മൊത്തത്തില്‍ ആസ്ത്മ രോഗികളുടെ ബാഹുല്യത്താല്‍ മരുന്നുകച്ചവടക്കാരുടെ നീരാളിപ്പിടിയിലാണ്. ഡോക്ടര്‍-വൈദ്യര്‍ വിഭാഗത്തിനും നല്ല കൊയ്ത്തുതന്നെ. രോഗി പഥ്യം ആചരിക്കാത്തതാണ് മുഖ്യ പ്രശ്‌നമെന്ന് വൈദ്യശാസ്ത്രം പറയും. ശരിയാണ്. ആകാശത്തിനും ഭൂമിക്കുമിടയിലുള്ള ഒരു കാര്യവും അലര്‍ജി-ആസ്ത്്മ രോഗി തൊട്ടുനോക്കുന്നതു തെറ്റാണ്. വെയില്‍, മഴ, പൊടി, പുക, ഭക്ഷണത്തിന് ഉപയോഗിക്കുന്ന കടല്‍ മല്‍സ്യസമ്പത്തില്‍ വിവിധ ഇനങ്ങള്‍ (അയലമല്‍സ്യം അലര്‍ജിരോഗി മണത്തുപോവരുതെന്നാണ്) എന്നിവ അരുത്, പൂക്കള്‍ മണക്കരുത്, പൊടിവലി-പുകയില ഉപയോഗം വര്‍ജിക്കണം, മദ്യം കഴിച്ചവരുടെ അരികത്തുപോലും ഇരിക്കരുത്, സുഗന്ധദ്രവ്യങ്ങള്‍ പൂശരുത്, ചുംബിക്കരുത്, പുതിയ കോട്ടണ്‍ വസ്ത്രങ്ങള്‍ കഞ്ഞിപ്പശ മുക്കാതെ വെയിലത്തുണക്കി ഉപയോഗിക്കണം, ക്ഷേത്രാരാധന പതിവുള്ളവര്‍ ശ്രീകോവില്‍ പരിസരത്ത് പുക ഏല്‍ക്കരുത്, നമസ്‌കാരം ശീലമായവര്‍ അംഗസ്‌നാനം നിര്‍വഹിക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണം. ഞാന്‍ എന്റെ ഡോക്ടറോടു ചോദിച്ചു: മരിക്കാന്‍ നേരം ഊര്‍ധ്വന്‍വലി ഏതു പ്രകാരമായിരിക്കണം. ഡോക്ടര്‍ ദുഃഖത്തോടെ തോളത്തുതട്ടി. ദുഃഖത്തിനു കാരണം അന്വേഷിച്ചു. അലര്‍ജി-ആസ്ത്മ രോഗി മരിക്കുമ്പോള്‍ ഊര്‍ധ്വന്‍ കിട്ടാന്‍ പ്രയാസപ്പെടും. കാരണം, തൊണ്ടയില്‍ കഫം കട്ടകെട്ടി മരിക്കാനും ഇരട്ട ചക്രങ്ങളോടെ ശ്വാസം വലിക്കണം. ശ്വാസം കിട്ടാന്‍ പ്രയാസമായിരിക്കും. വെള്ളമിറങ്ങാതെ ചാകും എന്നു ചുരുക്കം. ലോകാരോഗ്യസംഘടനയുടെ സകല ആസ്ത്മ വിവരണങ്ങളും വായിച്ചു. അഷ്ടവൈദ്യന്‍മാരില്‍ ഒട്ടുമിക്ക മഹാവ്യക്തിത്വങ്ങളോടും തര്‍ക്കിച്ചു. ചിലര്‍ സമ്മതിച്ചു: രോഗം അങ്ങട് പാടേ നീങ്ങിക്കിട്ടാന്‍ ബുദ്ധിമുട്ടുക തന്നെ.’’വസൂരിയെ നീക്കിയില്ലേ, പ്ലേഗും. ആ ഇനത്തില്‍ നിരവധി രോഗങ്ങള്‍ മാറിയില്ലേ. അതികഠിന അര്‍ബുദം പോലും ചികില്‍സിച്ചു മാറ്റുന്നില്ലേ? എന്തുകൊണ്ട് ആസ്ത്മ? പഥ്യം ശീലിച്ചാലും ആസ്ത്മ മാറില്ല. സ്വതവേ ദുര്‍ബലയായ എന്റെ 15കാരി മകള്‍ ശ്വാസംകിട്ടാന്‍ പെടുന്ന പാട്. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ അലര്‍ജി വിട്ടുമാറും എന്ന വിശ്വാസത്തില്‍ അവള്‍ മൂക്കൊലിപ്പും കണ്ണുകളില്‍ ചൊറിച്ചിലുമായി ജീവിക്കുന്നു. പാരമ്പര്യമാണെന്നു വൈദ്യശാസ്ത്രം. ചികില്‍സിച്ചു ഭേദമാക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയാല്‍ വൈദ്യശാസ്ത്രത്തിന്റെ കുറുക്കുവഴികളിലൊന്നാണ്, “പാരമ്പര്യമാണ്. മാറാന്‍ പ്രയാസം. മാറ്റാനും പ്രയാസം.’’ഈ ആസ്ത്്മ ദിനത്തിലെങ്കിലും ലോകാരോഗ്യസംഘടന എന്ന ഉഗ്രന്‍ കോര്‍പറേറ്റ് സംഘടനയെ വിടാം. കേരളത്തിലെ സത്യസന്ധരായ ഡോക്ടര്‍-വൈദ്യസമൂഹം ഉറക്കെ പറയണം,  ആസ്ത്്മ-അലര്‍ജി ചികില്‍സിച്ചു ഭേദമാക്കല്‍ എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലി മാറ്റിയിട്ടും കാര്യമില്ല.’എന്റെ അലര്‍ജി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ 200 രൂപ ഫീസ് ഈ മാസം മുതല്‍ 300 ആയി ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഹെയ്‌ലര്‍ അദ്ദേഹം ഫ്രീ തരും. കാരണം, മരുന്നു കമ്പനിക്കാര്‍ അതു കൊട്ടക്കണക്കിനാണ് ഡോക്ടറുടെ കാര്യാലയത്തില്‍ ചൊരിഞ്ഞിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss