|    Jan 17 Tue, 2017 6:43 pm
FLASH NEWS

എത്യോപ്യന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം: നൂറോളം പ്രക്ഷോഭകരെ സൈന്യം കൊലപ്പെടുത്തി

Published : 10th August 2016 | Posted By: SMR

അദിസ് അബാബ: എത്യോപ്യയില്‍ സുരക്ഷാസൈനികര്‍ നൂറോളം പ്രക്ഷോഭകരെ കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറോമിയ അംഹാര മേഖലകളില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരെയാണ് എത്യോപ്യന്‍ സൈന്യം കൊലപ്പെടുത്തിയത്.
അതേസമയം 50ഓളം പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടതെന്ന് എത്യോപ്യയിലെ പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സമാധാനത്തിനെതിരായി ശക്തികള്‍ സംഘടിപ്പിച്ച നിയമവിരുദ്ധ പ്രക്ഷോഭം പരാജയപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്യോപ്യന്‍ ന്യൂസ് ഏജന്‍സി വിശദീകരിച്ചത്. പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് എത്യോപ്യന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ടില്‍ പറയുന്നില്ല.
വികസനപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായാണ് പ്രതിഷേധം. കൃഷിഭൂമിയും പാര്‍പ്പിടമേഖലകളും നഷ്ടപ്പെട്ടവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ സംഘടിച്ചാണ് പ്രക്ഷോഭകര്‍ ഒറോമിയ മേഖലയിലെ തെരുവുകളിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും മേഖലയിലെ നിരവധി റോഡുകള്‍ തടയുകയും ചെയ്തിരുന്നു. 48നും 50നുമിടയ്ക്ക് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്കു പരിക്കേറ്റെന്നും റിപോര്‍ട്ടുകള്‍ ലഭിച്ചതായി പ്രതിപക്ഷം ഒറോമോ പീപ്പിള്‍സ് കോണ്‍ഗ്രസ് നേതാവ് മെരേര ഗുദിന പറഞ്ഞു. 49 പേര്‍ കൊല്ലപ്പെട്ടതായി എത്യോപ്യയില്‍ നിന്നുള്ള ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായും എഎഫ്പി റിപോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ എത്യോപ്യന്‍ പട്ടണമായ നെകെമെറ്റെയിലും അംഹാര മേഖലയുടെ തലസ്ഥാനം ബാഹിര്‍ ദറിലുമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്. നെകെമെറ്റെയില്‍ 15ഉം ബാഹിര്‍ ദറില്‍ 27ഉം പ്രക്ഷോഭകരെയുമാണ് സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയത്. അതേസമയം ഒറോമിയയില്‍ 67ഉം അംഹാരയില്‍ 30ഉം പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടതെന്ന് ആംനസ്റ്റി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക