|    Oct 17 Tue, 2017 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എതിര്‍ശബ്ദങ്ങളെ തടയല്‍കേരളത്തിന്റെ രീതിയല്ല : ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Published : 7th October 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളെപ്പോലെ എതിര്‍ശബ്ദങ്ങള്‍ തടയാന്‍ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കേരളത്തിന്റെ രീതിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ടു വരുന്നവരെ കര്‍ക്കശമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ അമിത്ഷായ്ക്ക് വഴിയൊരുക്കിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനു ഫേസ്ബുക്ക് പോസ്റ്റില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശരിയാണ് പ്രിയ സുഹൃത്ത് രമേശ്, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ ജനാധിപത്യവിരുദ്ധമായ പല രീതികളും നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യലുമുള്‍പ്പെടെ തെറ്റായ പല നടപടികളും ഉണ്ടാവുന്നത് നാം കാണുന്നുണ്ട്. അതു കേരളത്തില്‍ സംഭവിക്കുന്നില്ല. ഇവിടെയാണ്, കേരളവും കേരള സര്‍ക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലര്‍ത്തുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുന്നത്.ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷം നയിക്കുന്ന സര്‍ക്കാരുകളും എക്കാലത്തും ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ തകര്‍ക്കാനാവിെല്ലന്നു ഞങ്ങള്‍ക്ക് നന്നായറിയാം. ഇടതുപക്ഷത്തിനെതിരേ സംഘപരിവാരം സര്‍വശക്തിയും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്, ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം സംഘപരിവാരത്തിന്റെ അജണ്ടകളെ തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതുമാണ് എന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി കുറിച്ചു. കേരളം അതിന്റെ ഹരിതാഭമായ പ്രകൃതിയും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ടു വരുന്നവരെ കര്‍ക്കശമായി നേരിടുമെന്നു ഞാന്‍ അങ്ങേയ്ക്കു ഉറപ്പു നല്‍കുന്നു.ബിജെപിയുടെ യാത്ര പരാജയമാണ് എന്ന അങ്ങയുടെ നിഗമനത്തോട് യോജിക്കുന്നു. ഒപ്പം, അമിത്ഷായുടെ മേദസ്സു കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്നതിനോടും യോജിക്കുന്നുവെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക