|    Mar 25 Sat, 2017 9:18 am
FLASH NEWS

എതിര്‍പ്പ് കോണ്‍ഗ്രസ് ലഘൂകരിച്ചു; ജിഎസ്ടി ബില്ല് വഴിതെളിയുന്നു

Published : 11th July 2016 | Posted By: SMR

GST-in-focus

ന്യൂഡല്‍ഹി: ചരക്കുസേവനനികുതി (ജിഎസ്ടി) ബില്ലിനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ് ലഘൂകരിക്കുന്നു. 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതു ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന ആവശ്യമാണു കോണ്‍ഗ്രസ് ഒഴിവാക്കുക. ഇതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തിരുന്നത്.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുമൂലം ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയിരുന്നു. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബില്ലിനോട് എതിര്‍പ്പില്ല. കേരളവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.
ബില്ലില്‍ നികുതിശതമാനം എത്രയാണെന്ന് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ വ്യവസ്ഥയില്‍ കോണ്‍ഗ്രസ്സിന് പിടിവാശിയില്ലെന്നു രാജ്യസഭാ ഉപപ്രതിപക്ഷനേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി. നികുതി തോത് സംബന്ധിച്ച അഭിപ്രായവ്യത്യാസം പരിഹരിക്കാനാവുന്നതേയുള്ളൂവെന്ന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
നികുതി തോത് പരിധിയുടെ കാര്യത്തില്‍ നിയമപരിരക്ഷയുണ്ടാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിന്‍മേല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായിട്ടില്ലെന്നും ചര്‍ച്ചയില്ലാതെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ലെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി. കോണ്‍ഗ്രസ് എതിര്‍പ്പ് കുറച്ചതിനാല്‍ ഒരുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ബില്ല് 18നു തുടങ്ങുന്ന പാര്‍ലമെന്റ് മഴക്കാല സമ്മേളനത്തില്‍ പാസാക്കാനിടയുണ്ട്.
കേരളം, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടിയാണു പാര്‍ട്ടി നിലപാടു മയപ്പെടുത്താന്‍ കാരണമെന്നാണു വിലയിരുത്തല്‍. ബിജെപി വിരുദ്ധരായ പാര്‍ട്ടികള്‍ പോലും ബില്ലിന് പിന്തുണ നല്‍കുന്ന നിലപാടാണു സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സഭയില്‍ ഒറ്റപ്പെടുമെന്ന് കോണ്‍ഗ്രസ്സിന് ഭയമുണ്ട്. ബില്ലിനോടു പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ രൂപപ്പെട്ട ഭിന്നതയ്ക്ക് അയവുവന്നിട്ടില്ല. യുപിഎ തയ്യാറാക്കിയ ചരക്ക് സേവന നികുതി ബില്ലിലും നികുതിയുടെ തോത് ഉള്‍പ്പെടുത്തിയിരുന്നില്ല. പെട്രോള്‍, ഡീസല്‍, പുകയില, മദ്യം, വൈദ്യുതി എന്നിവയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ്സിന്റെ മറ്റൊരു ആവശ്യം.

(Visited 108 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക