|    Jun 20 Wed, 2018 7:09 pm
FLASH NEWS
Home   >  Sports  >  Football  >  

എതിരില്ലാതെ യുവന്റസ് കുതിക്കുന്നു; ചാംപ്യന്‍സ് ലീഗില്‍ കപ്പടിക്കുമോ?

Published : 4th May 2017 | Posted By: ev sports

ആദ്യപാദ സെമിയില്‍ യുവന്റസ് ജേതാക്കള്‍ (2-0)
ഗോണ്‍സാലോ ഹിഗ്വയ്‌ന് ഇരട്ടഗോള്‍
– രണ്ടാംപാദം 10ാം തിയ്യതി യുവന്റസ് സ്റ്റേഡിയത്തില്‍

മൊണാകോ: ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്ന കുന്തമുന മൊണാകോ നിരയിലേക്ക് തുളച്ചുകയറിയപ്പോള്‍ ഫ്രഞ്ച് പട ചിതറിയോടി. ഹിഗ്വയ്‌ന്റെ ബൂട്ടില്‍ നിന്ന് രണ്ടുതവണ ചീറിപ്പാഞ്ഞ പന്ത് മൊണാകോയുടെ വല കീറിയപ്പോള്‍ ഫ്രഞ്ച് മണ്ണും കീഴടക്കി യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിലാണ് യുവന്റസ് ജയം. രണ്ടു ഗോളുകളും മുന്നേറ്റത്തിന്റെ ശക്തിയായ ഹിഗ്വയ്‌ന്റെ സംഭാവനയായിരുന്നു. സ്വന്തം മണ്ണില്‍ മൊണാകോ കാഴ്ചക്കാരായപ്പോള്‍ രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കത്തിലാണ് യുവന്റസ്.

ഹിഗ്വയ്ന്‍ എന്ന സൂപ്പര്‍ ബുള്ളറ്റ്
പത്തു പേരുടെ മുന്നിലായി ഹിഗ്വയ്ന്‍ എന്ന ഒറ്റയാനെ പടത്തലവനായി നിയമിച്ചപ്പോള്‍ അല്ലെഗ്രിയുടെ കണക്കുകൂട്ടല്‍ വെറുതെയായിരുന്നില്ല. ഹിഗ്വയ്‌നെ സെന്‍ട്രല്‍ ഫോര്‍വേഡ് ആക്കി, മാന്‍ചുകിച്ച്-ഡൈബാല-അലാവസ് എന്നിവരെ മധ്യനിരയില്‍ അണിനിരത്തിയ അല്ലെഗ്രി പരീക്ഷിച്ചത് 4-2-3-1 എന്ന ലൈനപ്പ്. അപ്പുറത്ത് എംബാപ്പെയും ഫാല്‍കാവോയും മുന്നേറ്റത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ടു. 4-4-2 എന്ന ഫോര്‍മാറ്റില്‍ അവര്‍ക്കു പിന്നിലായി എട്ടുപേരെ വിന്യസിച്ചു ലിയൊനാര്‍ഡോ ജാര്‍ഡിം.
ആദ്യപകുതി യുവന്റസിന്റെ പക്ഷത്തായിരുന്നു മല്‍സരം. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം പാലിച്ചതിനാല്‍ തന്നെ ഏഴു തവണയാണ് അവര്‍ ഗോളിന് വേണ്ടി പരിശ്രമിച്ചത്. അതില്‍ മൂന്നു തവണ പന്ത് വലക്കരികിലെത്തിയപ്പോള്‍ രണ്ടു തവണ മാത്രമാണ് മൊണാകോ ഗോള്‍കീപ്പര്‍ സേവ് ചെയ്തത്. 29ാം മിനിറ്റില്‍ ഹിഗ്വയ്‌ന്റെ ബൂട്ടില്‍ നിന്ന് പന്ത് വലയിലെത്തുകയും ചെയ്തു. ഗോള്‍ കണ്ടെത്താന്‍ പരക്കംപാഞ്ഞ മൊണാകോയും മൂന്നു തവണ പന്ത് വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും ജിയാന്‍ലുജി ബുഫണ്‍ എന്ന ഗോള്‍ പോസ്റ്റിലെ സ്‌പൈഡര്‍മാനെ താണ്ടി പന്ത് വലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ആല്‍വെസ്- ഹിഗ്വയ്ന്‍ കൂട്ടുകെട്ട്
ഡാനി ആല്‍വെസ് എന്ന ബ്രസീലിയന്‍ ഡിഫന്‍ഡറെ കൂട്ടുപിടിച്ചാണ് അര്‍ജന്റീനിയയുടെ കുന്തമുനയായ ഹിഗ്വയ്ന്‍ മല്‍സരത്തിന്റെ വിധി മാറ്റിയത്. 29ാം മിനിറ്റില്‍ യുവന്റസിന്റെ കൗണ്ടര്‍ അറ്റാക്കിങ് ശ്രമം ഇരുവരും ചേര്‍ത്ത് ഗോളാക്കി മാറ്റി. സെന്‍ട്രല്‍ ലൈനില്‍ വച്ച് ഹിഗ്വയ്‌ന് പന്ത് കൈമാറി മുന്നേറിയ ആല്‍വെസിനു തന്നെ പന്ത് റിട്ടേണ്‍ പാസ്സ് നല്‍കി ഹിഗ്വയ്ന്‍ പെനല്‍റ്റി ബോക്‌സിലേക്ക് ഓടിക്കയറി. മൊണാകോയുടെ പ്രതിരോധ ശ്രമങ്ങളെ കബളിപ്പിച്ച് ബാക്ക്ഹീല്‍ ഷോട്ടിലൂടെ ആല്‍വെസ് പന്ത് ഹിഗ്വയ്‌ന് തന്നെ കൈമാറി. ഗോള്‍മുഖത്ത് കാത്തുനിന്ന ഹിഗ്വയ്ന്‍ ഒന്നുംനോക്കിയില്ല. പന്ത് പായിച്ചു. മൊണാകോ ഗോളി സുബാസികിന് തടുക്കാന്‍ പോലും ആയില്ല.
ഒരു ഗോളിന്റെ ആധിപത്യത്തില്‍ രണ്ടാംപകുതി ആരംഭിച്ച യുവന്റസിനെ 59ാം മിനിറ്റില്‍ ഇരുവരും ചേര്‍ന്ന് ലീഡ് ഇരട്ടിയാക്കി. വലതു വിങില്‍ നിന്ന് ബോക്‌സിലേക്ക് ഡാനി ആല്‍വസ് നല്‍കിയ ലോങ്‌ഷോട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ഷോട്ട് തടുക്കാന്‍ ഗ്ലിക് ശ്രമിച്ചെങ്കിലും കൃത്യമായി മുന്നില്‍ കിട്ടിയ പന്ത് ഹിഗ്വയ്ന്‍ വലയിലേക്ക് പായിക്കുകയായിരുന്നു.

അവസരങ്ങള്‍ പാഴാക്കിയ മൊണാകോ
പേരും പെരുമയും ആവോളമുള്ള മൊണാകോ ആക്രമണ നിരയെ പ്രതിരോധിക്കുന്നതില്‍ യുവന്റസ് വിജയം കണ്ടു. ഇടയ്ക്കിടെ ഡിഫന്‍സ് ഭേദിച്ച പന്ത് ജിയാന്‍ലുജി ബുഫണ്‍ എന്ന അസാമാന്യ ഗോള്‍കീപ്പറുടെ കൈകളില്‍ ചെന്നവസാനിച്ചു. രണ്ടാംപകുതിയില്‍ മല്‍സരത്തിലേക്ക് തിരിച്ചെത്തിയ മൊണാകോ എട്ടു തവണ ഗോളിനു വേണ്ടി പരിശ്രമിച്ചു. എന്നാല്‍, വലയുടെ മുന്നിലെത്തിയ മൂന്നു തവണയും ബുഫണ്‍ യുവന്റസ് രക്ഷകനായി. ഇതിനിടെ ബൊക്കോയക്കോയും ഫാല്‍കാവോയും ബെര്‍ണാണ്ടോ സില്‍വയും ലഭിച്ച അവസരങ്ങള്‍ ഫിനിഷ് ചെയ്യുന്നതില്‍ പിഴക്കുകയും ചെയ്തതോടെ യുവന്റസ് ജയം ഉറപ്പിച്ചു. രണ്ട് ഗോളിന്റെ ആധിപത്യത്തില്‍ മുന്നിലെത്തിയ യുവന്റസിനെതിരേ  മൊണാക്കോക്ക് ഏതാനും സെറ്റ് പീസ് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങില്‍ ഇതുവരെ കാണിച്ച കൃത്യത അവര്‍ കൈവിട്ടത് യുവന്റസിന് തുണയായി.
ഇനി തുറിനിലെ യുവന്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ മൂന്നു ഗോളെങ്കിലും തിരിച്ചടിച്ചാല്‍ മാത്രമേ മൊണാകോയ്ക്ക് ഫൈനല്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ജിയാന്‍ലുജി ബുഫണ്‍ എന്ന അസാമാന്യ ഗോളിയും അതിനൊത്ത പ്രതിരോധ നിരയുമുള്ള യുവന്റസിനെതിരേ അത്രയും ഗോളുകള്‍ തിരിച്ചടിക്കാന്‍ മൊണാകോയ്ക്ക് കഴിയുമോയെന്ന കാര്യത്തില്‍ ആരാധകര്‍ പോലും സംശയത്തിലാണ്. ഈ മാസം പത്താം തിയ്യതിയാണ് രണ്ടാംപാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss