|    Nov 15 Thu, 2018 11:34 am
FLASH NEWS

എണ്ണ സംഭരണശാല: കണ്ടങ്കാളിയില്‍ വന്‍കിട ആശുപത്രിക്ക് ശുപാര്‍ശ

Published : 14th July 2018 | Posted By: kasim kzm

കണ്ണൂര്‍: പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ 120 ഏക്കര്‍ വയലും തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടും നികത്തി സ്ഥാപിക്കുന്ന നിര്‍ദിഷ്ട പെട്രാളിയം ഡിപ്പോയ്‌ക്കെതിരേ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന പ്രതിഷേധം മറികടക്കാന്‍ തന്ത്രവുമായി അധികൃതര്‍. ഇന്നലെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും യോഗത്തില്‍ പുതിയ നിര്‍ദേശങ്ങളുയര്‍ന്നു.
പദ്ധതിപ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 10 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാനും ഇവിടെ പൊതുമേഖലാ എണ്ണക്കമ്പനികളായ എച്ച്്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കുന്ന ആശുപത്രി നിര്‍മിക്കാനുമാണ് നിര്‍ദേശം. ചുരുങ്ങിയത് 25 കോടി രൂപ മുതല്‍മുടക്ക് വരുന്ന ആശുപത്രി സംവിധാനമാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുമായി ആലോചിച്ച് അനുകൂല നടപടിയെടുക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുവിധ മലിനീകരണവും ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കി.
പദ്ധതിപ്രദേശത്ത് സംസ്‌കരണം പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവില്ല. ട്രെയിന്‍ വാഗണുകളിലെത്തുന്ന ഇന്ധനം ഡിപ്പോയിലെ കോണ്‍ക്രീറ്റ് കവചമുള്ള വലിയ ടാങ്കുകളിലാക്കി സൂക്ഷിക്കുകയും അവയില്‍നിന്ന് ട്രക്കുകളിലേക്ക് മാറ്റി നിറച്ച് വിതരണത്തിന് സജ്ജമാക്കുകയുമാണ് ചെയ്യുക. ഈ പ്രക്രിയയില്‍ മലിനീകരണത്തിന് സാധ്യതയില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലുള്ള സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്നും എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ ലോകനാഥന്‍ വ്യക്തമാക്കി.
ഇക്കാര്യം നേരില്‍ ബോധ്യപ്പെടുത്താന്‍ എറണാകുളം ഇരുമ്പനത്തെ എച്ച്പിസിഎല്‍ ഡിപ്പോ സന്ദര്‍ശിക്കുന്നതിന് പയ്യന്നൂര്‍ മേഖലയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും കമ്പനി അവസരമൊരുക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാനാണ് പയ്യന്നൂരില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്പിസിഎല്ലും ബിപിസിഎല്ലും സംയുക്തമായി പെട്രോളിയം ഡിപ്പോ ആരംഭിക്കുന്നത്. പ്രവര്‍ത്തന ഭാഗമായി ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പുഴയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ടല്‍ക്കാടില്‍നിന്ന് 30 മീറ്റര്‍ ദൂരപരിധി പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ പദ്ധതിപ്രദേശവും കണ്ടല്‍ക്കാടുമായി 300 മീറ്റര്‍ ദൂരമുണ്ട്. അതിനാല്‍ പരിസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ കെ കെ രാഗേഷ് എംപി, സി കൃഷ്ണന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം പ്രദീപന്‍, എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ ലോക്‌നാഥന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത്, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ്, ടി ഐ മധുസൂദനന്‍, കെ വി മോഹനന്‍, കെ പി മധു (സിപിഎം), വി കെ പി ഇസ്മായില്‍ (മുസ്‌ലിം ലീഗ്), സി കെ രമേശന്‍ (ബിജെപി), എം പ്രഭാകരന്‍ (എന്‍സിപി), സി വി ഗോപിനാഥ് (സിഎംപി), കെ വി കൃഷ്ണന്‍, ജോണ്‍സണ്‍ പി തോമസ് (ആര്‍എസ്പി), വി കെ ഗിരിജന്‍ (ലോക് താന്ത്രിക് ജനതാദള്‍), എന്‍ കെ ഭാസ്‌കരന്‍ (ജനതാദള്‍-എസ്), ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, പയ്യന്നൂര്‍ തഹില്‍ദാര്‍ കെ രാജന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി പി രാജന്‍, നഗരസഭാ സെക്രട്ടറി കെ ആര്‍ അജി, വില്ലേജ് ഓഫിസര്‍ പി ഐ രാജേഷ്, കൃഷി ഓഫിസര്‍ കെ സുനീഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss