|    Sep 25 Mon, 2017 3:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എണ്ണ ഉല്‍പ്പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചു

Published : 30th September 2016 | Posted By: SMR

ദോഹ: 2008ന് ശേഷം ആദ്യമായി എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. ഇറാനെതിരായ സൗദി അറേബ്യയുടെ നിലപാട് മയപ്പെടുത്തിയതോടെയാണ് എണ്ണ വിലയില്‍ കുതിപ്പിന് കാരണമാകുന്ന തീരുമാനമുണ്ടായത്. ദിവസം  33.24 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ നിന്ന് 32.5 ദശലക്ഷം ബാരലായി കുറയ്ക്കാനാണ് തീരുമാനമെന്ന് ഒപെക് വൃത്തങ്ങള്‍ അറിയിച്ചു. എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിന് രണ്ട് വര്‍ഷത്തിന് ശേഷം അത്യപൂര്‍വ്വമായ തീരുമാനമാണ് ഒപെക് കൈക്കൊണ്ടതെന്ന് ഇറാന്‍ എണ്ണ മന്ത്രി ബിജാന്‍ സന്‍ഗാനെയെ ഉദ്ധരിച്ച് ഇറാന്റെ ശാന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരോ രാജ്യവും എത്ര എണ്ണ ഉല്‍പ്പാദിപ്പിക്കുമെന്നത് സംബന്ധിച്ച നവംബറില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ തീരുമാനിക്കും. ഒപെക് ഇതര രാജ്യങ്ങളായ റഷ്യ ഉള്‍പ്പെടെയുള്ളവയും ഇതില്‍ പങ്കാളിയാവും.
ഒപെകിന്റെ തീരുമാനം വന്നതോടെ എണ്ണവിലയില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വില ബാരലിന് 48 ഡോളറിന് മുകളിലെത്തി. ഒപെകിന്റെ തീരുമാനത്തോട് ഭൂരിഭാഗം വ്യാപാരികളും അനുകൂലമായാണ് പ്രതികരിച്ചത്. ഒപെക് രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. 10.7 ദശലക്ഷം ബാരലാണ് ഒരു ദിവസത്തെ സൗദിയുടെ ഉല്‍പ്പാദനം.
അല്‍ജീരിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിനിടെയാണ് ഒപെക് രാജ്യങ്ങള്‍ അനൗപചാരിക യോഗം കൂടിയത്.
അതേ സമയം, സൗദിയുടെയും ഇറാന്റെയും ഇത് സംബന്ധമായ വിശദമായ നിലപാട് അറിയേണ്ടതുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഇറാന്‍, നൈജീരിയ, ലിബിയ  എന്നീ രാജ്യങ്ങളെ ഏറ്റവും അനുയോജ്യമായ പരമാവധി നിലയില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിക്കുമെന്ന് ചൊവ്വാഴ്ച സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞിരുന്നു. മറ്റു ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ മുഴുവന്‍ ഉല്‍പ്പാദനം കുറച്ചാലേ തങ്ങളും കുറക്കൂ എന്ന സൗദിയുടെ മുന്‍ നിലപാടില്‍ നിന്നുള്ള പിന്മാറ്റമാണിത്. വര്‍ഷങ്ങളുടെ ഉപരോധം കഴിഞ്ഞ് പൂര്‍വ സ്ഥിതി കൈവരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ ഉല്‍പ്പാദനം കുറക്കണമെന്ന ആവശ്യത്തില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ഇറാന്‍ വാദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക