|    Aug 20 Sun, 2017 9:50 am

എണ്ണപ്പനത്തോട്ടത്തില്‍ ഓവര്‍സീയര്‍ക്ക് നേരേ ആസിഡ് ആക്രമണം

Published : 2nd August 2017 | Posted By: fsq

 

അഞ്ചല്‍: ഭാരതീപുരത്തെ എണ്ണപ്പനത്തോട്ടത്തില്‍ വച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തില്‍ ഓവര്‍സീയര്‍ക്ക് പരിക്കേറ്റു. ഭാരതീപുരം ഭാരതി നിലയത്തില്‍ ശശികുമാരപിള്ള(53) യ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ എട്ടോടെ എസ്‌റ്റേറ്റ് വഴിയില്‍ കുട്ടിവനത്തിന് സമീപത്താണ് സംഭവം. എസ്‌റ്റേറ്റ് മൂന്നാം ഡിവിഷനിലെ സൂപ്പര്‍വൈസറായ ശശികുമാരപിള്ള ഓഫിസില്‍ നിന്നും ഫയലുകളുമായി തോട്ടത്തിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുള്ള കാട്ടില്‍ മരത്തിന് പിന്നില്‍ ഒളിച്ചു നിന്ന അക്രമി ശശികുമാരപിള്ള അടുത്തെത്തിയപ്പോള്‍ ഏതോ ദ്രാവകം മുഖത്തേക്ക് ഒഴിച്ച ശേഷം വനത്തിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു. അല്‍പ്പം ദൂരെയായിരുന്ന സഹപ്രവര്‍ത്തകരും തൊഴിലാളികളും അടുത്തെത്തിയപ്പോഴാണ് അവശനായ ശശികുമാരപിള്ളയെ കാണുന്നത്. ഉടന്‍ തന്നെ അവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇടത് കണ്ണിന് ഉള്‍പ്പടെ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നതിനാല്‍ മറ്റ് ശരീര ഭാഗങ്ങളില്‍ കാര്യമായി പൊള്ളലേറ്റിട്ടില്ല. ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഏരൂര്‍ പോലിസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.’

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക