|    Jun 21 Thu, 2018 8:28 am
FLASH NEWS

എണ്ണത്തില്‍ കാര്യമില്ലെന്നു തെളിയിച്ച് ഹുനൈന്‍

Published : 30th June 2016 | Posted By: sdq

 

ramadanഹുദൈബിയാ സന്ധി ലംഘിച്ച ഖുറൈശികളുമായി ഇനി സന്ധി വേണ്ടതില്ലെന്നും പരിശുദ്ധ കഅ്ബാലയം ഉള്‍ക്കൊളളുന്ന മക്കയുടെ സമ്പൂണ വിമോചനത്തിനു സമയമായെന്നും മനസ്സിലാക്കിയ പ്രവാചകന്‍ യുദ്ധ സജ്ജീകരണങ്ങളില്‍ മുഴുകി.രക്തരഹിതമായ ഒരു വിജയമാണ് പ്രവാചകന്‍ ആഗ്രഹിച്ചത്.പറയത്തക്ക എതിര്‍പ്പുകളില്ലാതെ തന്നെ മക്ക പ്രവാചകനു കീഴടങ്ങി. വിഗ്രഹങ്ങള്‍ കൊണ്ട് നിറക്കപ്പെട്ടിരുന്ന കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു.
മക്കാ വിജയം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസലാമിന്റെ വെന്നിക്കൊടി പറത്തുമെന്ന പ്രതീതി ജനിപ്പിച്ചു.തുടര്‍ന്നു ബഹുദൈവത്വവും വിഗ്രഹാരാധനയും ഉപദീപില്‍ നിന്നു തുടച്ചു മാറ്റപ്പെടുകയാണോയെന്നതിന്റെ പ്രണേതാക്കള്‍ ഭയന്നു. ഈ ചിന്ത മക്കയുടെ തെക്കു കിഴക്കായി താമസിക്കുന്ന ഹവാസിന്‍ ഗോത്രത്തെ കീഴടക്കി. മക്കാ വിജയം നല്‍കിയ ആത്മവിശ്വാസം തങ്ങള്‍ക്കെതിരെയും തിരിയാന്‍ മുസലിംകളെ പ്രേരപ്പിച്ചേക്കുമെന്നവര്‍ ഭയന്നു. അതിനു മുമ്പായി മുസലികളെ ആക്രമിക്കാന്‍ അവര്‍ വിജയ ലഹരിയില്‍ മുഴുകിയിരിക്കുന്ന സന്ദര്‍ഭം തന്നെയാണ് ഉത്തമമെന്നവര്‍ കരുതി. മക്കാ വിജയം കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോള്‍ മുസലിംകള്‍ കേള്‍ക്കുന്ന വാര്‍ത്ത ഹവാസിന്‍ ഗോത്രത്തിനു പുറമെ സഖീഫ്,നളീര്‍,ജൂശം ഗോത്രങ്ങള്‍ ഉള്‍ക്കൊളളുന്ന ഒരു മുന്നണി തങ്ങളെ നേരിടാന്‍ വരുന്നുണ്ടെന്ന വാര്‍ത്തയാണ്. ഹുനൈന്‍ കുന്നുകളുടെ താഴവരയിലാണ് സൈന്യം തമ്പടിച്ചിരുന്നത്.
പ്രവാചകന്റെ നേതൃത്വത്തില്‍ പന്ത്രണ്ടായിരം വരുന്ന മുസലിം സൈന്യം ഹുനൈനിലേക്കു നീങ്ങി. പതിവിനു വിപരീതമായി വന്‍ ആള്‍ ബലവും മോശമല്ലാത്ത യുദ്ധ സാമഗ്രികളും അവര്‍ക്കുണ്ടായിരുന്നു. സൈന്യത്തില്‍ അബൂസുഫയാനുള്‍പ്പെടെ രണ്ടായിരം പേര്‍ പുതുതായി ഇസലാം സ്വീകരിച്ചവരായിരുന്നു. ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു സൈന്യവുമായി പ്രവാചകന്‍ ശത്രുക്കളെ നേരിടുന്നത്. തങ്ങളുടെ സംഖ്യാ ബലം മുസലിം സൈന്യത്തെ പ്രത്യേകിച്ചും നവ മുസലിംകളെ അഹങ്കാരികളാക്കി.ഒരു പരിതസ്ഥിതിയിലും തങ്ങള്‍ പരാജയപ്പെടുകയില്ലന്നവര്‍ കരുതി. ചിലര്‍ പരസ്പരമത് പ്രകടിപ്പിക്കുകയും ചെയ്തു.

പുലര്‍ച്ചെ മുസലിം സൈന്യം ഹുനൈന്‍ താഴവര മുറിച്ചു കടക്കുകയായിരുന്നു. ശത്രു സൈന്യം പൊടുന്നനെ മുസലിം സൈന്യത്തിനു മേല്‍ ചാടി വീണു.സൂര്യോദയത്തിനു മുമ്പു നടന്ന ഈ ആക്രമണത്തില്‍ മുസലിം സേന ഛിന്നഭിന്നമായി. പതറിപ്പോയ അവര്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി.സുരക്ഷിത സ്ഥാനം തേടി ഓരോ ഗോത്രങ്ങളും പ്രവാചകനെ പിന്നിലാക്കി ഓടിക്കൊണ്ടിരുന്നു.എത്രത്തോളമെന്നാല്‍ മുസലിംകളുടെ ഓട്ടം കണ്ട അബൂസുഫയാന്‍ ഓട്ടം കണ്ടിട്ട് ഈ ഓട്ടം കടലില്‍ ചെന്നേ അവസാനിക്കൂ എന്നു പറഞ്ഞു പോയി.(ആത്മാര്‍ത്ഥമായി ഇസലാമിനു വേണ്ടി പതറാതെ പൊരുതിയ അബൂസുഫയാനെ പ്രവാചകന്‍ അംഗീകരിക്കുന്നത് ഹുനൈന്‍ യുദ്ധത്തോടെയാണ്.)പ്രവാചകന്‍ തന്റെ കോവര്‍ കഴുതയുടെ പുറത്തു കയറി ജനങ്ങളെ പുനസംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ‘ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാകുന്നു.കളളനല്ല,എന്നത് ഞാന്‍ അബ്ദുല്‍ മുത്തലിബിന്റെ സന്തതിയാണ് എന്നതു പോലെ സത്യം.’പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് ഇപ്രകാരം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
‘ മുസലിംകള്‍ക്കു അഭയം നല്‍കിയ അന്‍സാര്‍ സമൂഹമേ, മുഹാജിറുകളേ,പ്രവാചകനിതാ ജീവനോടെയിരിക്കുന്നു അദ്ദേഹത്തെ സഹായിക്കുവിന്‍
ഈ ആഹ്വാനം വിശ്വസികളെ ചിന്തിപ്പിച്ചു. തങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നവര്‍ പുനരാലോചനക്ക് വിധേയമാക്കി. കഴിഞ്ഞ ഇരുപത് കൊല്ലത്തോളമായി കണ്ണിലുണ്ണിയാക്കി തങ്ങള്‍ കൊണ്ടു നടന്ന പ്രസ്ഥാനത്തെയും പ്രവാചകനെയും മരണമുഖത്തുപേഷിച്ചു സ്വജീവനും കൊണ്ടോടുന്നതില്‍ അവര്‍ക്കു ലജജ തോന്നി. അവര്‍ തിരിച്ചു വന്നു സംഘടിച്ചു. യുദ്ധ ഗതി മാറി. മുസലിം സൈന്യം ശക്തമായി തിരിച്ചടിച്ചു. ശത്രുക്കള്‍ സ്വത്തുക്കളും സ്തീകളെയും കുട്ടികളെയും യുദ്ധക്കളത്തിലിട്ടോടി. പിന്തിരിഞ്ഞോടിയ ശത്രു സൈന്യത്തെ മുസ്ലിംകള്‍ ബഹു ദൂരം പിന്തുടര്‍ന്നു.ആരെങ്കിലും ഒരു ശത്രുവിനെ വധിച്ചാല്‍ ശത്രുവിന്റെ ആയുധങ്ങള്‍ അയാള്‍ക്കുളളതാണെന്ന പ്രവാചകന്റെ പ്രഖ്യാപനം മുസലിംകളില്‍ ആവേശം വളര്‍ത്തി. മുസലിം സൈന്യത്തിനു വമ്പിച്ച യുദ്ധമുതലുകളും അനേകം യുദ്ധ തടവുകാരെയും ലഭ്യമായി.

ഹുനൈനില്‍ പരാജയത്തിനു ശേഷമുണ്ടായ വിജയത്തെക്കുറിച്ചും അതിനു നിദാനമായ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.
‘അല്ലാഹു പലയിടങ്ങളിലും നിങ്ങളെ സഹായിച്ചിട്ടുണ്ട്.ഹുനൈന്‍ നാളിലും!സംഖ്യാധിക്യാത്താല്‍ നിങ്ങള്‍ മതിമറന്ന സന്ദര്‍ഭം.അതാവട്ടെ നിങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്തില്ല. ഭൂമി വിശാലമായിരുന്നിട്ടും നിങ്ങള്‍ക്ക് സങ്കുചിതമായനുഭവപ്പെട്ടു. തുടര്‍ന്ന് നിങ്ങള്‍ പിന്തിരിഞ്ഞോടി. പിന്നീട് സത്യവിശ്വാസികള്‍ക്കും ദൈവദൂതനും അല്ലാഹു അവന്റെ സമാശ്വാസം കനിഞ്ഞേകി.നിങ്ങള്‍ക്കദൃശ്യമായ സൈന്യങ്ങളെ ഇറക്കി സത്യനിഷേധികളെ പ്രഹരിക്കുകയും ചെയ്തു. സത്യനിഷേധികള്‍ക്കുളള പ്രതിഫലം അതാകുന്നു. അനന്തരം അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു പൊറുത്തു കൊടുക്കുന്നു. മാപ്പരുളുന്നവനും കരുണാവാരിധിയുമത്രേ അല്ലാഹു.’
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 9 സൂറ അത്തൗബ സൂക്തം 25)

മുന്‍ ലക്കങ്ങള്‍ താഴെ വായിക്കാം… 

ആകാശ ലോകത്തെ അമ്പരപ്പിച്ച അതിഥി സല്‍ക്കാരം

മൂലധനം നഷ്ടപ്പെട്ടിട്ടും കച്ചവടം ലാഭകരം!

അവര്‍ രണ്ടു പേര്‍; കൂടെ അല്ലാഹുവും

വിശ്വാസികളായ ജിന്നുകള്‍

മാതൃ സ്‌നേഹം മുട്ടു മടക്കിയ ആദര്‍ശ ധീരത

ഖുറൈശി പ്രമാണിമാരേക്കാള്‍ പ്രാമുഖ്യം വിശ്വാസിയായ അന്ധന്

അബൂലഹബിന്റെ ധിക്കാരത്തിനേറ്റ പ്രഹരം

ആദര്‍ശത്തില്‍ വിട്ടു വീഴ്ചയില്ല

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

ഗുഹാ മുഖത്തവതരിച്ച ജ്ഞാനോദയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss