|    Jul 20 Fri, 2018 11:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എട്ട് സിമി തടവുകാരെ വെടിവച്ചുകൊന്നു

Published : 1st November 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: സിമി കേസില്‍ ഭോപാല്‍ ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞിരുന്ന എട്ടുപേരെ കോണ്‍സ്റ്റബിളിനെ കൊന്ന് ജയില്‍ചാടിയെന്ന് ആരോപിച്ച് പോലിസ് വെടിവച്ചുകൊന്നു. മധ്യപ്രദേശ് സ്വദേശികളായ മുഹമ്മദ് അഖീല്‍ ഖില്‍ജി എന്ന അബ്ദുല്ല, മെഹ്ബൂബ് ഗുഡ്ഡു എന്ന മാലിക്, അംസദ് ഖാന്‍, സാക്കിര്‍ ഹുസയ്ന്‍ ശെയ്ഖ് എന്ന വിക്കി, അബ്ദുല്‍ മജീദ്, മഹാരാഷ്ട്ര ഷോലാപൂര്‍ സ്വദേശി മുഹമ്മദ് ഖാലിദ് അഹ്മദ്, അഹ്മദാബാദ് സ്വദേശി മുജീബ് ഷെയ്ഖ് എന്ന അക്‌റം, മുഹമ്മദ് സാലിഖ് എന്ന സല്ലു എന്നിവരാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മധ്യപ്രദേശ് സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹെഡ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി ജയില്‍ ചാടിയ ഇവരെ എട്ടുമണിക്കൂറിനുള്ളില്‍ കണ്ടെത്തുകയും മധ്യപ്രദേശ് ഭീകരതാവിരുദ്ധ സംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മഹാരാഷ്ട്ര പോലിസും സര്‍ക്കാരും പറയുന്നത്. എന്നാല്‍ പ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനെ ചോദ്യംചെയ്തു.
ജയിലിന് പത്തു കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സിറ്റി പോലിസും സഞ്ജീവ് ഷാമിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സംഘവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള മനിഖേഡയില്‍ ഇവരുണ്ടെന്ന് ഗ്രാമവാസികളില്‍നിന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കള്ളന്‍മാരെന്നു തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികള്‍ ഇക്കാര്യം പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് ഗ്രാമവാസികളില്‍ ചിലരുമായി വാക്കേറ്റമുണ്ടായി. ഗ്രാമീണര്‍ ഇവര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. പോലിസെത്തി ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പോലിസിനു നേരെ നിറയൊഴിച്ചെന്നും പോലിസ് തിരിച്ചടിച്ചെന്നും ഐജി യോഗേഷ് ചൗധരി പറഞ്ഞു.
ഒരുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ എല്ലാവരും കൊല്ലപ്പെട്ടു. രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 2-3 മണിയോടെ ജയിലില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും സ്പൂണും ഉപയോഗിച്ച് സെല്ലിലെ ശുചിമുറിയുടെ ചുവര്‍ തുരന്നാണ് ഇവര്‍ പുറത്തെത്തിയതെന്ന് പോലിസ് വിശദീകരിച്ചു. തുടര്‍ന്ന് ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി 20 അടി ഉയരമുള്ള ജയിലിന്റെ മതില്‍ ചാടിക്കടന്നു. ഇത് തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ രാംശങ്കര്‍ യാദവിനെ പ്ലേറ്റും സ്പൂണും ഉപയോഗിച്ച് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ജയില്‍ ഡിജിപി, എഡിജിപി ഉള്‍പ്പെടെ അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി സംസാരിക്കുകയും സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി സമ്മതിച്ചതായും ചൗഹാന്‍ പറഞ്ഞു. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെട്ട കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ട എല്ലാവരും. ഇവരില്‍ ചിലര്‍ 2013ല്‍ കാന്ദ്‌വ ജയില്‍ ചാടിയിരുന്നുവെന്നും പിന്നീട് തെലങ്കാന പോലിസ് പിടിയിലായെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss