എട്ടു ലക്ഷത്തിന്റെ വാടക കുടിശ്ശിക: സിബിഐ ക്യാംപ് ഓഫിസ് ഒഴിയാന്‍ പിഡബ്ല്യൂഡി നോട്ടീസ്
Published : 25th August 2016 | Posted By: SMR
തലശ്ശേരി: അഞ്ചു കൊലക്കേസുകള്‍ അന്വേഷിക്കാനായി തലശ്ശേരി റസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയുടെ ക്യാംപ് ഓഫിസിന് പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്. രണ്ടു വര്‍ഷത്തെ വാടക കുടിശ്ശിക നല്‍കിയില്ലെങ്കില്‍ റസ്റ്റ് ഹൗസില്‍ തുടരാനാവില്ലെന്നറിയിച്ചാണ് നോട്ടീസ് നല്‍കിയത്. മൂന്നു മുറികള്‍ക്കായി എട്ടുലക്ഷത്തോളം രൂപയാണ് കുടിശ്ശികയായി സിബിഐ നല്‍കാനുള്ളത്.
കതിരൂര്‍ മനോജ്, പയ്യോളി മനോജ്, അരിയില്‍ ഷുക്കൂര്‍, പയ്യന്നൂര്‍ ഹക്കീം, തലശ്ശേരിയിലെ ജ്വല്ലറി ഉടമ ദിനേശന് തുടങ്ങിയ കൊലക്കേസുകള്‍ അന്വേഷിക്കാനായാണ് 2014 ആഗസ്ത് മാസത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റ് ഹൗസില്‍ സിബിഐ ക്യാംപ് ഓഫിസ് തുറന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് സിബിഐ സംഘത്തിന് റസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള അനുമതി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി വാടകയിനത്തില്‍ ഒരു രൂപ പോലും സിബിഐ അടച്ചിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുമരാത്ത് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാടക പിരിച്ചെടുക്കാനും ധാരണയായി. ഇതനുസരിച്ചാണ് സിബിഐയുടെ തലശ്ശേരി ക്യാംപ് ഓഫിസിലേക്കും തിരുവനന്തപുരത്തെ സിബിഐ ഓഫിസിലേക്കും പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ റസ്റ്റ് ഹൗസില്‍നിന്ന് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റസ്റ്റ് ഹൗസിലെ 7, 8, 9 മുറികളുടെ വാടക കുടിശ്ശികയാണ് ഇതുവരെ നല്‍കാതിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വാടക പിരിക്കാന്‍ നടപടിക്കു നിര്‍ദേശം നല്‍കിയത്. ഒന്നുകില്‍ ഇത് വരെയുള്ള വാടക തരിക അല്ലെങ്കില്‍ എത്രയും പെട്ടെന്ന് മുറികള്‍ ഒഴിയുക എന്നാണ് നോട്ടീസിലെ ഉള്ളടക്കം. തലശ്ശേരിയില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ക്യാംപ് ഓഫിസ് ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.