|    Nov 20 Tue, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എട്ടു ദിവസം പട്ടിണി; 3 കുഞ്ഞുങ്ങള്‍ മരണത്തിനു കീഴടങ്ങി

Published : 27th July 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്നു കുഞ്ഞുങ്ങള്‍ പട്ടിണി മൂലം മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ടാവാലിയിലാണ് മാന്‍സി (എട്ട്), പാറോ (നാല്), സുഖോ (രണ്ട്) എന്നിസഹോദരിമാര്‍ മരിച്ചത്.
കുട്ടികള്‍ക്കു തുടര്‍ച്ചയായി എട്ടുദിവസത്തോളം ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ട്. ഛര്‍ദിച്ച് അവശരായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന കുട്ടികളെ അയല്‍വാസിയായ കുടുംബസുഹൃത്ത് ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, മരിച്ചനിലയിലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. മൂന്നു സഹോദരങ്ങളും മരിച്ചത് പട്ടിണി കിടന്നാണെന്ന ഡോക്ടറുടെ പരിശോധനാഫലം ഇന്നലെ വൈകീട്ടോടെ പുറത്തുവന്നു.
ഇതോടെയാണ് കുട്ടികള്‍ എട്ടു ദിവസം വിശന്നു മരിച്ച വിവരം പുറംലോകമറിയുന്നത്. എങ്ങനെയാണ് മൂന്നു കുട്ടികളും മരിച്ചതെന്ന പോലിസിന്റെ ചോദ്യത്തിന്, ‘എനിക്ക് ഭക്ഷണം തരൂ’ എന്നു മാത്രമാണ് മാതാവ് പറയുന്നതെന്ന് പോലിസ് പറഞ്ഞു. കുട്ടികളുടെ പിതാവിനെ രണ്ടു ദിവസമായി കാണാനില്ല. കുട്ടികളുടെ മാതാവിന് മാനസികപ്രശ്‌നങ്ങളുണ്ട്. കുട്ടികള്‍ക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യത്തോട് കൃത്യമായ രീതിയിലല്ല അവര്‍ പ്രതികരിക്കുന്നതെന്നും ഈസ്റ്റ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് കുമാര്‍ സിങ് വ്യക്തമാക്കി. പോഷകാഹാരക്കുറവോ പട്ടിണിയോ ആണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നതെന്നും പോലിസ് വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ഇവര്‍ താമസിച്ച വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മുറിയില്‍ നിന്ന് വയറിളക്കത്തിനുള്ള ചില മരുന്നുകുപ്പികളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ പോലിസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. തന്റെ 15 വര്‍ഷത്തെ സര്‍ക്കാര്‍ ആശുപത്രി സേവനത്തിനിടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. പട്ടിണി കിടന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.
ബംഗാള്‍ സ്വദേശികളായ കുട്ടികള്‍ പിതാവിനും മാതാവിനുമൊപ്പം കുറച്ച് ദിവസം മുമ്പാണ് ഡല്‍ഹിയിലെത്തിയതെന്നും പിതാവ് റിക്ഷാ ജോലിക്കാരനായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. എന്നാല്‍, മറ്റു ജോലി അന്വേഷിച്ച് പിതാവ് നടന്നിരുന്നുവെന്നും രണ്ടു ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.  കുട്ടികളുടെ വീട്ടില്‍ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ, വിഷയത്തില്‍ ബിജെപിയും എഎപിയും വാക്‌പോര് തുടങ്ങി. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി രംഗത്തെത്തി. എന്നാല്‍, റേഷന്‍ വീട്ടിലെത്തിക്കുന്നത് അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തടയുകയായിരുന്നുവെന്ന് എഎപി കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss