|    Jul 18 Wed, 2018 8:16 pm
FLASH NEWS

എട്ടുനോമ്പ് പെരുന്നാള്‍ : മണര്‍കാട് പള്ളി റാസയില്‍ ജനപ്രവാഹം

Published : 7th September 2017 | Posted By: fsq

 

കോട്ടയം: മുത്തുക്കുടകളുടെ വര്‍ണമേലാപ്പിനു കീഴില്‍ മണര്‍കാട് കത്തീഡ്രലിലെ എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള റാസയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയില്‍ വര്‍ണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകര്‍ന്നു. പൊന്‍വര്‍ണാഭമായ അലങ്കാരങ്ങളും പൊന്‍വെള്ളി കുരിശുകളും നിറപ്പകിട്ടാര്‍ന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി.വലിയപള്ളിയുടെ തിരുമുറ്റത്ത് നിന്ന് വിശ്വാസികള്‍ മുത്തുക്കുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്‍കുന്ന വശ്യതയാര്‍ന്ന ഛായാചിത്രത്തിനു പിന്നില്‍ കൊടികളും വെട്ടുക്കുടകളും അതിനുപിന്നില്‍ മുത്തുക്കുടകളും അണിനിരന്നു. ഉച്ചയ്ക്ക് രണ്ടോടെ മരക്കുരിശുകളും പൊന്‍, വെള്ളിക്കുരിശുകളും റാസയില്‍ നിരന്നു. തുടര്‍ന്നു വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കു ചേര്‍ന്ന് ആശീര്‍വദിച്ചു. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തില്‍, ഫാ. അഭിലാഷ് എബ്രഹാം വലിയവീട്ടില്‍ എന്നിവര്‍ റാസയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കല്‍ക്കുരിശ്, കണിയാംകുന്ന് കുരിശിന്‍ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം മണര്‍കാട് കവലയില്‍ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ഥനയ്ക്കു ശേഷം 5.30ഓടെയാണ് റാസ തിരികെ വലിയപള്ളിയില്‍ എത്തിച്ചേര്‍ന്നത്. പെരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കല്‍ ഇന്നു നടക്കും. രാവിലെ 11.30നു മധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്നു നടതുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss