|    Jan 16 Mon, 2017 8:40 pm
FLASH NEWS

എട്ടുദിവസം നാട്ടില്‍ തങ്ങാന്‍ അനുമതി; മഅ്ദനി നാളെ കേരളത്തിലെത്തും

Published : 3rd July 2016 | Posted By: SMR

പി സി അബ്ദുല്ല

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് എട്ടുദിവസത്തേക്കു നാട്ടില്‍ പോവാന്‍ ബംഗളൂരു എന്‍ഐഎ കോടതി അനുമതി നല്‍കി. സുപ്രിംകോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി. രോഗബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനു നാളെമുതല്‍ 12വരെ കേരളത്തില്‍ പോവാനാണ് അനുമതി നല്‍കിയത്.
ബംഗളൂരുവില്‍ നിന്നു നാളെ ഉച്ചയ്ക്ക് 12.55ന് നെടുമ്പാശ്ശേരിയിലേക്കു പുറപ്പെടുന്ന സ്വകാര്യ വിമാനത്തിലാണ് മഅ്ദനി എത്തുക. നെടുമ്പാശ്ശേരിയില്‍ നിന്നു കാര്‍മാര്‍ഗം അദ്ദേഹം ശാസ്താംകോട്ടയിലേക്കു തിരിക്കും. മാധ്യമങ്ങളോടു സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് എന്‍ഐഎ കോടതിയുടെ ഉപാധി.
തിങ്കളാഴ്ച മുതല്‍ ജൂലൈ 14 വരെ നാട്ടില്‍ നില്‍ക്കണമെന്നാണ് മഅ്ദനിയുടെ അഭിഭാഷകര്‍ ഇന്നലെ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എട്ടുദിവസമേ കോടതി അനുവദിച്ചുള്ളൂ. മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെതിരേ കടുത്ത എതിര്‍പ്പുയര്‍ത്തിയ കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ എന്‍ഐഎ കോടതിയിലും ശക്തമായ തടസ്സവാദങ്ങളുന്നയിച്ചു. നാട്ടില്‍ പോവാനും വരാനുമായി രണ്ടുദിവസം മാത്രമേ അനുവദിക്കാവൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ നിലപാട് കോടതി തള്ളുകയായിരുന്നു.
കേസ് പരിഗണിക്കുന്ന ദിവസം ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചു. ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ മഅ്ദനിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ട് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരള ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടാണ് സുരക്ഷാകാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക