|    Jan 24 Tue, 2017 12:35 am

എട്ടാംദിനവും ബഹളം; സഭ നേരത്തേ പിരിഞ്ഞു

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസിനെച്ചൊല്ലി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചതിനെത്തുടര്‍ന്ന് നിയമസഭ നേരത്തേ പിരിഞ്ഞു. തുടര്‍ച്ചയായ എട്ടാംദിവസമാണ് ഇതേവിഷയത്തെച്ചൊല്ലി സഭ പ്രക്ഷുബ്ധമാവുന്നത്. ഇന്നത്തെയും നാളത്തെയും സമ്മേളനം ഒഴിവാക്കിയതിനാല്‍ സഭ ഇനി വരുന്ന 17 നായിരിക്കും ചേരുക. ഇന്നത്തെ അജണ്ടയിലുള്‍പ്പെടുത്തിയിരുന്ന ധനാഭ്യര്‍ഥന ഇന്നലെ പരിഗണനയ്‌ക്കെടുത്തു. വെളളിയാഴ്ചത്തെ സമ്മേളനമൊഴിവാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കാര്യോപദേശകസമിതി തീരുമാനിച്ചിരുന്നു. പൂജവയപ് പ്രമാണിച്ച് ഈമാസം 10 മുതല്‍ 14 വരെ സമ്മേളനത്തിന് അവധിയാണ്.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചയുടന്‍തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ചോദ്യം ഉന്നയിക്കുന്നതിനായി അന്‍വര്‍ സാദത്തിനെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം നിസ്സഹരണം തുടര്‍ന്നു.
പിന്നീട് സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. മന്ത്രിമാരായ എ കെ ബാലനും കെ കെ ശൈലജയും സ്പീക്കറുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സമ്മേളനമൊഴിവാക്കാനും സഭ നേരത്തെ പിരിയാനും തീരുമാനിച്ചത്.
ശൂന്യവേളയിലെ നടപടികള്‍ക്കായി രാവിലെ 9.30ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇന്ന് പരിഗണിക്കാനിരുന്ന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ധനാഭ്യര്‍ഥന ഇന്നലെതന്നെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷബഹളത്തിനിടെ സഭ പാസാക്കി.
ഒരുവിഷയത്തില്‍ തുടര്‍ച്ചയായി സഭ സ്തംഭിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിവിധ ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരേ ശക്തമായ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ, കാഴ്ചമറയ്ക്കുന്ന തരത്തില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ ശാസിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുകടക്കുകയാണ്. ചെയറിനോടെന്തിനാണ് പ്രതിഷേധം. സഭാ അംഗങ്ങളെ കാണാനുള്ള സ്പീക്കറുടെ അവകാശത്തെ തടയരുതെന്നും പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തെ ഓര്‍മപ്പെടുത്തി.
വിദ്യാഭ്യാസം, കായികവിനോദം, കല, സാംസ്‌കാരികവകുപ്പുകള്‍ക്ക് വേണ്ടി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അവതരിപ്പിച്ച ധനാഭ്യര്‍ഥനയും ആരോഗ്യം, വൈദ്യസഹായം, കുടുംബക്ഷേമം, സാമൂഹികക്ഷേമം വകുപ്പുകള്‍ക്കുവേണ്ടി മന്ത്രി കെ കെ ശൈലജ അവതരിപ്പിച്ച ധനാഭ്യര്‍ഥനയും സഭ പാസാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക