എട്ടരവര്ഷത്തിനു ശേഷം ശിബിലിയെത്തി; പീടിയേക്കല്‍ കുടുംബത്തിന് സന്തോഷത്തിന്റെയും വേദനയുടെയും ബലിപെരുന്നാള്‍
Published : 11th September 2016 | Posted By: SMR

പി എം അഹ്മദ്
കോട്ടയം: എട്ടരവര്‍ഷത്തിനുശേഷം ശിബിലി സ്വന്തം വീട്ടിലെത്തി. ഇത്തവണ പീടിയേക്കല്‍ കുടുംബത്തിന് ബലിപെരുന്നാള്‍ പാതിസന്തോഷത്തിന്റെയും വേദനയുടെയും ദിനം. മൂത്തമകള്‍ ഫഹ്മിത ബതൂലിന്റെ ഓപറേഷനുശേഷം മകളെ കാണാന്‍ ലഭിച്ച പരോളിലാണ് ശിബിലി ഇന്നലെ വീട്ടിലെത്തിയത്.
അടുത്ത ബന്ധുക്കള്‍ മാത്രമേ ശിബിലിയുമായി സംസാരിക്കാവൂ എന്ന കോടതി നിര്‍ദേശം കുടുംബാംഗങ്ങളുമായി വേദനയും സന്തോഷവും പങ്കുവയ്ക്കാന്‍ കൂടുതല്‍ അവസരം നല്കി. ശിബിലിയുടെ മാതാപിതാക്കളും ഭാര്യയും മക്കളും ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. 2008 മാര്‍ച്ച് 26ന് സിമി ബന്ധമാരോപിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ശിബിലിയും സഹോദരന് ശാദുലിയും ഉള്‍പ്പെടെ 13 പേരെ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം ശിബിലി സ്വന്തം വീട് കണ്ടിട്ടില്ല. കഴിഞ്ഞ ജൂലൈ 19ന് മൂത്ത മകള്‍ ഫഹ്മിതയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു ശസ്ത്രക്രിയ. മകളെ ശസ്ത്രക്രിയക്ക് ഓപറേഷന് തിയേറ്ററില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെയുണ്ടാവണം എന്നു ശിബിലിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.
ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിഞ്ഞിരുന്ന ശിബിലി അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെത്തിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുമാസം പാര്‍പ്പിക്കാനും മകളെ കാണാന്‍ സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ശിബിലിയെ കേരളത്തിലെത്തിച്ചതാവട്ടെ കോടതി ഉത്തരവിട്ട് ഒരുമാസം കഴിഞ്ഞായിരുന്നു. കഴിഞ്ഞ മൂന്നിന് ശിബിലിയെ വിയ്യൂര്‍ ജയിലിലെത്തിച്ചു. ഇതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ് മകള്‍ രോഗം ഏറക്കുറേ ഭേദമായി സ്കൂളില്‍ പോവാനും തുടങ്ങി. എന്നാല്‍ വിയ്യൂര്‍ വരെ യാത്രചെയ്ത് പിതാവിനെ കാണാനുള്ള ശാരീരികമായ ആരോഗ്യം മകള്ക്കില്ലാതിരുന്നതിനാല് ശിബിലി വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇന്നലെ ഈരാറ്റുപേട്ടയില്‍ വീട്ടിലെത്തി മകളെ കാണാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. രാവിലെ 10നു വീട്ടിലെത്തിയ ശിബിലി വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ മൂന്നു മണിക്കൂര്‍ ചെലവഴിച്ചു.
ശിബിലി അറസ്റ്റിലാവുമ്പോള്‍ നാലു മക്കളില്‍ ഏറ്റവും ഇളയവനായ ഇബ്രാഹീം റബി ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. മറ്റു മക്കളായ അബ്ദുല്ല അസാം, സിബ്ഗത്തുല്ല എന്നിവര്‍ക്ക് അന്ന് പ്രായം യഥാക്രമം നാലും ആറും വയസ്സ് മാത്രമായിരുന്നു. മൂത്ത മകള്‍ ഫഹ്മിത ബതൂല്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അബ്ദുല്ലയും സിബ്ഗത്തുല്ലയും ഹിഫഌ പഠനത്തിലാണ്. കോടതി നിര്‍ദേശമനുസരിച്ച് അടുത്ത മൂന്നുവരെ ശിബിലി വിയ്യൂരിലുണ്ടാവും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.