കൊല്ലം: കഴിഞ്ഞ ഏതാനും മാസങ്ങളായി ജില്ലയിലും പരിസരപ്രദേശങ്ങളിലും ബൈക്കില്‍ കറങ്ങിനടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തിലെ മാലകവരുകയും രാത്രികാലങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്ത എട്ടംഗസംഘത്തെ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യകസംഘം അറസ്റ്റ് ചെയ്തു. ഇരവിപുരം, കിളികൊല്ലൂര്‍, കൊട്ടിയം, കൊല്ലം ഈസ്റ്റ് എന്നീ പോലിസ് സ്റ്റേഷന് പരിധികളില്‍ 15ഓളം മാലമോഷണക്കേസുകളിലും നിരവധി വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായും ഇവര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലം പള്ളിമുക്ക്, വിളയില്‍വീട്ടില്‍ കോളജ് നഗര്‍-43ല്‍ നൗഫല്‍(29), കൊല്ലം വടക്കേ മൈലക്കാട് ഷൈനിഭവനില്‍ ഷൈനി ക്ലീറ്റസ്(32), പള്ളിമുക്ക് വടക്കേവിള ഉലവന്റഴികം അമീര്‍(19), വാളത്തുംഗല്‍ പെരുമനതൊടിയില് വീട്ടില്‍ ബാസിത്(ജിന്ന ബാസിത്-19), ഹാരിസ്(19), ആദില്‍(19), വിഷ്ണു(19), മുഹമ്മദ്ഖാന്(19) എന്നിവരാണ് പോലിസ് പിടിയിലായത്. ഈ സംഘത്തില്‍പ്പെട്ട സെയ്ദലി, ശ്രീക്കുട്ടന് എന്നീ രണ്ടുപേര്‍ നേരത്തെ പോലിസ് പിടിയിലായിരുന്നു.
15ഓളം മോഷണകേസുകളില്‍ പ്രതിയായിരുന്ന നൗഫല്‍ ശിക്ഷകഴിഞ്ഞ് മൂന്നുമാസം മുമ്പ് ജയില്‍ മോചിതനാവുകയും ഇരവിപുരം പോലിസ് സ്റ്റേഷന് പരിധിയില്‍ താമസമാക്കുകയും ചെയ്തിരുന്നു. ഇയാളാണ് മോഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ആഡംബര ജീവിതത്തിലും ലഹരിക്കും അടിമപ്പെട്ട യുവാക്കളെ വലയിലാക്കിയശേഷം നൗഫല്‍ മാലമോഷണത്തിന് ഉപയോഗിച്ചുവരുകയായിരുന്നു. മോഷണം നടത്തിയശേഷം സുഖവാസകേന്ദ്രങ്ങളിലേക്ക് മുങ്ങുന്ന ഈ സംഘത്തിന് ലഭിക്കുന്ന സ്വര്‍ണവും മറ്റ് കളവുമുതലുകളും വില്‍ക്കുന്നതും പണയം വയ്ക്കുന്നതും സംഘത്തിലെ വനിതാംഗമായ ഷൈനിയാണ്.
കൊല്ലം ജില്ലയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഷാഡോ പോലിസിനെ ഈ പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മൊബൈല്‍ഫോണോ സ്ഥിരമായ ബൈക്കുകളോ ഉപയോഗിക്കാതെ സംഘാംഗങ്ങളില്‍ പലരുമായി ചേര്‍ന്ന് നൗഫല്‍ മോഷണം നടത്തിവന്നിരുന്നത്. മാലമോഷണത്തിനുശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ കറങ്ങുന്ന ഈ സംഘം പോലിസിനെ അതിവിദഗ്ധമായ കബിളിപ്പിച്ച് വരികയായിരുന്നു.
കഴിഞ്ഞാഴ്ച ഇരവിപുരം പോലിസ് സ്റ്റേഷന് പരിധിയില്‍ ഒരുദിവസം മൂന്നുമാല മോഷണം നടത്തിയശേഷം സുഖവാസകേന്ദ്രമായ കുറ്റാലത്തേക്ക് മുങ്ങിയ പ്രതികളെ പോലിസ് പിന്തുടര്ന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം എസിപി സന്തോഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അന്വിന്, ഇരവിപുരം സിഐ വിശ്വംഭരന്, ഇരവിപുരം എസ്ഐ നിസാമുദ്ദീന്‍, കിളികൊല്ലൂര്‍ എസ്ഐ മുഹമ്മദ്ഖാന്, എഎസ്ഐ സുരേഷ്, എഎസ്ഐ താഹ, എസ്സിപിഒ സന്തോഷ്, എസ്സിപിഒ പ്രമോദ്, ഷാഡോ പോലിസുകാരായ മണികണ്ഠന്, ജയിന്, മനു, വിനു, സീനു, സജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.