|    Jun 27 Tue, 2017 9:06 am
FLASH NEWS

എടിഎമ്മുകള്‍ മിന്നല്‍വേഗത്തില്‍ കാലിയാവുന്നു; ഉപഭോക്താക്കള്‍ ദുരിതത്തില്‍

Published : 15th November 2016 | Posted By: SMR

പാലക്കാട്:  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ അടച്ചിട്ട എടിഎമ്മുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മിക്കവയിലും പണം ഇല്ല. ഇത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടായി. പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകളില്‍ ഇന്നലെയും രാവിലെ മുതല്‍ക്കുതന്നെ ജനം തടിച്ചുകൂടിയപ്പോള്‍ അത് നീണ്ട ക്യൂവായി മാറി. പല എടിഎമ്മുകളിലും മിന്നല്‍ വേഗത്തിലാണ് പണം തീര്‍ന്നത്. ഇങ്ങിനെ തീര്‍ന്ന എടിഎമ്മുകളില്‍ ബാങ്ക് അധികൃതര്‍ പണം നിറച്ചുകൊണ്ടേയിരുന്നു. ചില എടിഎമ്മുകളില്‍ മൂന്നും നാലും തവണ പണം നിറച്ചതായി റിപോര്‍ട്ടുകളുണ്ട്. എടിഎമ്മുകളില്‍ നിന്ന് നൂറിന്റെയും അമ്പതിന്റെയും നോട്ടുകളാണ് കൂടുതലും ലഭിച്ചത്.അതേസമയം പണം എടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ഒരു ദിവസം 2000 രൂപ മാത്രമായിരിക്കും എടിഎമ്മില്‍ നിന്നും ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക. നവംബര്‍ 19 വരെയാണ് പണമിടപാടിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ 2000 രൂപ എടിഎമ്മുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്തതും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമാണ് എടിഎം പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഞായറാഴ്ചയും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ പുലര്‍ച്ചെ മുതല്‍ കറന്‍സി മാറുന്നതിനുവേണ്ടിയുള്ള വലിയ ക്യൂവാണ് ഓരോ ബാങ്കിനു മുന്‍പിലും ഉള്ളത്. നാലായിരം രൂപ മാത്രമാണ് ഒരാള്‍ക്ക് ഉടന്‍ മാറാന്‍ സാധിക്കുക. അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലാ ബാങ്കുകളിലും ഇന്നലെയും  വന്‍ തിരക്ക് അനുഭവപ്പെട്ടു. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും ജനങ്ങളാല്‍ നിറഞ്ഞു. അതേസമയം പോസ്റ്റ് ഓഫിസ് വഴിയുള്ള നോട്ടുമാറല്‍ അവതാളത്തിലായിരിക്കുകയാണ്. മതിയായ പണം ഇല്ലാത്തകുകൊണ്ടാണ് പോസ്റ്റ് ഓഫിസ് വഴിയുള്ള നോട്ടുമാറല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക