|    Jun 23 Fri, 2017 12:20 pm
FLASH NEWS

എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചില്ല

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ രണ്ടാം ദിവസവും ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍തിരക്ക്. നോട്ടുകള്‍ക്ക് ചില്ലറമാറാന്‍ നൂറുകണക്കിനാളുകളാണ് ജില്ലയിലെ പൊതുമേഖല സ്വകാര്യ ബാങ്കുകളിലെത്തിയത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് അനുസരിച്ച് പുതിയ നോട്ടുകള്‍ എടിഎം കൗണ്ടറുകളില്‍ എത്താതിരുന്നത് ജനങ്ങളെ വലച്ചു. രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് ബാങ്കുകള്‍ക്ക് മുമ്പിലെത്തി സ്ഥാനം പിടിച്ചത്. ഇടപാടുകാരുടെ ബാഹുല്യത്തെ തുടര്‍ന്ന് ഇന്നലെയും ബാങ്കുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ ടോക്കണ്‍ തീര്‍ന്നുപോവുകയും ചെയ്തു. എടിഎമ്മുകള്‍ പ്രതീക്ഷിച്ച് പലരും എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ തുറന്നെങ്കിലും ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മണിക്കൂറുകള്‍ക്കകം അടച്ചിട്ടു. ബാങ്കുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളാണ് അല്‍പമെങ്കിലും ആവശ്യക്കാര്‍ക്ക് ആശ്വാസമായത്. ആവശ്യക്കാരുടെ നിര നീണ്ടതോടെ ഏറെ വൈകിയും ബാങ്കുകള്‍ പ്രവര്‍ത്തിച്ചു. ഇന്നലെ മാറിക്കിട്ടിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ചില്ലറക്ഷാമത്തെത്തുടര്‍ന്ന് എങ്ങനെ മാറിയെടുക്കുമെന്നറിയാതെ വിഷമിക്കുകയാണ് പലരം. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇന്നലെയും പരിഹാരമില്ലാതെ തുടര്‍ന്നു.ഹരിപ്പാട് എസ്ബിടി ഡാണാപ്പടി ശാഖയില്‍ നോട്ടുകള്‍ മാറിവാങ്ങാന്‍ വരി നിന്ന വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി തെക്ക് തകിടിയില്‍ തെക്കതില്‍ കാര്‍ത്തികേയനാണ് മരിച്ചത്. ആലപ്പുഴ മുല്ലയ്ക്കലില്‍ പഞ്ചാബ് നാഷ്‌നല്‍ ബാങ്കിലുണ്ടായ സംഘര്‍ഷത്തില്‍ ബാങ്ക് മാനേജര്‍ക്കും നോട്ട് മാറാനെത്തിയയാള്‍ക്കും പരിക്കേറ്റു. രാവിലെ 10.30ഓടെ വരി നില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ടൂറിസം മേഖല ഉള്‍പ്പെടെ ജില്ലയിലെ വ്യവസായ സംരംഭങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ചെറുകിട വ്യവസായികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ചെറുകിട വ്യാപാര രംഗത്ത് കഴിഞ്ഞ ദിവസമുണ്ടായ സ്തംഭനാവസ്ഥ ഇന്നലെയും തുടര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക