|    Jun 20 Wed, 2018 11:03 pm
FLASH NEWS

എടിഎം സ്ഥാപിക്കാനുള്ള ജില്ലാ ബാങ്ക് നീക്കം; അഴിമതിയെന്ന് ആരോപണം

Published : 13th October 2016 | Posted By: Abbasali tf

കോഴിക്കോട്: ജില്ലാ ബാങ്കുകളുടെ കൂട്ടായ്മയില്‍ കേരള സഹകരണ ബാങ്ക് സ്ഥാപിക്കാനിരിക്കെ കോഴിക്കോട് ജില്ലാ സഹകരണബാങ്ക് നൂറ് എടിഎമ്മുകള്‍ തുറക്കാന്‍ നടത്തുന്ന നീക്കം അഴിമതി ലാക്കാക്കിയെന്ന് ആരോപണം. എടിഎമ്മുകള്‍ക്ക് സുരക്ഷാ ജീവനക്കാരെ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ നൂറ് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിലുടെയും എടിഎമ്മിന് നൂറിടത്ത് സൗകര്യങ്ങളൊരുക്കുന്നതിലൂടെയും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലുടെയുമെല്ലാം വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് തിരക്കിട്ട് എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നതത്രെ. ഇതിന് പിന്നില്‍ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിലുള്‍പ്പെടെയുള്ള ഉന്നതരുടെ സാമ്പത്തിക താല്‍പര്യമാണെന്നാണ് ആക്ഷേപം. എടിഎമ്മിനായി ബാങ്ക് കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലാബാങ്കിന് 13 എടിഎമ്മുകളാണുള്ളത്. ഒരു എടിഎം സ്ഥാപിക്കാന്‍ പത്തുലക്ഷം രൂപവരെ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. എടിഎം സ്ഥാപിക്കാനുള്ള മുറി വാടക, ബോര്‍ഡടക്കമുള്ള ചെലവുകള്‍ എന്നിവയെല്ലാമായാല്‍ വലിയ പണം മുതല്‍ മുടക്കണം. ആറ് മാസത്തിനകമെങ്കിലും പുതിയ ബാങ്ക് യാഥാര്‍ഥ്യമാവുമെന്നാണ് സൂചന. ഇതിന്റെ സാധ്യത പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതലസമിതിയെ നിയമിച്ചിട്ടുണ്ട്.കൂടാതെ ജില്ലാബാങ്കുകളില്‍ എല്ലാവിധത്തിലുമുള്ള താല്‍ക്കാലിക നിയമനങ്ങളും സഹകരണവകുപ്പ് വിലക്കിയതാണ്. ഇത് മറികടക്കാനും കേരളബാങ്കിനെ അട്ടിമറിക്കാനുമായി കാലാവധി കഴിയാറായ വേളയില്‍ ജില്ലാബാങ്കിലെ ഉന്നതര്‍ ആസൂത്രണംചെയ്താണ് അതിവേഗം എടിഎം സ്ഥാപിക്കാനുള്ള നീക്കമെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.  100 എടി എം വന്നാല്‍ നൂറുപേരെ പുതുതായി നിയമിക്കാനാവും. എടിഎമ്മില്‍ ശുചീകരണത്തിനും കാവലിനുമായി ഒരാളെ താല്‍ക്കാലികമായി നിയമിക്കാം. ഒരുനിയമനത്തിന് അഞ്ചു മുതല്‍ പത്തുലക്ഷം രൂപ വരെയാണ് വാങ്ങുന്നത്. ഈ വിധത്തില്‍ 100 പേരെ താല്‍ക്കാലികമായി നിയമിച്ചാല്‍ ലക്ഷങ്ങള്‍ വരെ വാങ്ങാനാവും. വിവിധ ഡയറക്ടര്‍മാര്‍ വീതംവച്ചാണ് നിയമനം നടത്തുക. നേരത്തെ ബാങ്കില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള അഴിമതിയില്‍ വിജിലന്‍സിലടക്കം പരാതി നിലനില്‍ക്കുന്നുണ്ട്്. ബാങ്കിന് ഇപ്പോള്‍ മുന്നിടത്ത് മാത്രമേ സ്വന്തമായി കെട്ടിടമുള്ളു.  എടിഎമ്മുകള്‍ സ്ഥാപിക്കണമെങ്കില്‍ ഇനി 97 ഇടങ്ങള്‍ വാടകയ്ക്ക് കണ്ടെത്തേണ്ടിവരും. നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ വലിയ വാടകയാണ് ഈടാക്കുന്നത്. കേരള ബാങ്ക് സ്ഥാപിക്കപ്പെടുന്നതോടെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ പതിനായിരങ്ങള്‍ ചെലവിട്ട് ജില്ലാ ബാങ്ക് സ്ഥാപിക്കുന്ന ബോര്‍ഡുകളും മാറ്റേണ്ടി വരും.  സര്‍ക്കാര്‍ വിലക്ക് മറികടന്ന് ബാങ്കില്‍ താല്‍ക്കാലിക നിയമനം നടത്തിയതായും ആരോപണമുണ്ട്. താല്‍ക്കാലിക നിയമനം പാടില്ലെന്ന ഉത്തരവ് മറികടന്നു രണ്ട് സ്ഥലങ്ങളില്‍ പുതിയ നിയമനം നടത്തിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ചും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം.  എന്നാല്‍, നബാര്‍ഡും റിസര്‍വ് ബാങ്കും ചേര്‍ന്നുള്ള പദ്ധതി പ്രകാരമാണ് എടിഎമ്മുകള്‍ സ്ഥാപിക്കുന്നതെന്നും ജില്ലാ സഹകരണബാങ്കിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss