|    Aug 24 Thu, 2017 10:13 am
Home   >  Todays Paper  >  Page 1  >  

എടിഎം സാധാരണനില കൈവരിക്കാന്‍ 10 ദിവസം വേണ്ടിവരും: എസ്ബിഐ

Published : 12th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ എടിഎം സേവനങ്ങള്‍ സാധാരണ നിലയിലാവാന്‍ ഇനിയും പത്തുദിവസമെങ്കിലും എടുക്കുമെന്ന് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എടിഎം മെഷീനുകള്‍ ധാരാളമുണ്ടെങ്കിലും സേവനദാതാക്കളുടെ എണ്ണം വളരെ കുറവാണ്. എടിഎമ്മുകളില്‍ മുമ്പ് ക്രമീകരിച്ച സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ മാറ്റി പുനക്രമീകരണം നടത്താന്‍ കൂടുതല്‍ സമയമെടുക്കും. ഓരോ എടിഎമ്മും പ്രത്യേകം പ്രത്യേകം പുനക്രമീകരിക്കേണ്ടതുണ്ട്. ഇതിന് സാധാരണഗതിയില്‍ 10 ദിവസമെങ്കിലും ആവശ്യമാണ്. രാജ്യത്ത് എല്ലാ ബാങ്കുകളിലുമായി രണ്ടുലക്ഷം എടിഎമ്മുകളുണ്ട്. എന്നാല്‍, ഇവ മുഴുവന്‍ പുനക്രമീകരിക്കാന്‍ രാജ്യത്ത് മൊത്തം മൂന്നോ നാലോ സേവനദാതാക്കള്‍ മാത്രമാണുള്ളതെന്നും എസ്ബിഐ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.
ഹിറ്റാച്ചി, എന്‍സിആര്‍ കോര്‍പറേഷന്‍ എന്നിവയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എടിഎം സേവനദാതാക്കള്‍. പുതിയ 500, 1000 നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ മിക്ക എടിഎമ്മുകളിലും ക്രമീകരിച്ചുവച്ചിട്ടുള്ളത്. നൂറിന്റെ നോട്ടുകള്‍ ഇത്തരംഎടിഎം വഴി വിതരണം ചെയ്യാനാവില്ല. അതിനാല്‍ അവ ഇപ്പോള്‍ വീണ്ടും പുനക്രമീകരിക്കേണ്ടതുണ്ട്.
കൂടാതെ, എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം അനുബന്ധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുന്നതും വലിയ വെല്ലുവിളിയാണ്. ഇതിന് മതിയായ സുരക്ഷയും ഗതാഗതസൗകര്യവും ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പല സംസ്ഥാനങ്ങളിലും പണം ആകാശമാര്‍ഗമാണ് അതത് കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഹെലികോപ്റ്ററുകള്‍ വഴി അനുബന്ധ കേന്ദ്രങ്ങളില്‍ പണം എത്തിക്കുന്നത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ഇത്തരം പ്രദേശങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 2000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ആക്കണമെന്നും അരുന്ധതി ഭട്ടാചാര്യ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.
അതിനിടെ, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക