|    Jun 29 Thu, 2017 5:40 am
FLASH NEWS

എടിഎം പ്രവര്‍ത്തനം ഭാഗികം; പണം കാലിയായി

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള മൂന്നാം ദിവസമായ ഇന്നലെ ജില്ലയിലെ എടിഎം കൗണ്ടറുകള്‍ പലതും ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും ഉപഭോക്താക്കളുടെ ദുരിതത്തിന് അറുതിയായില്ല. പണം പിന്‍വലിക്കാന്‍ വന്‍തിരക്കായിരുന്നു പലയിടത്തും.ഇതോടെ എടിഎമ്മുകള്‍ മണിക്കൂറുകള്‍ക്കകം കാലിയായി. പണം തീരുന്ന മുറയ്ക്ക് എടിഎമ്മുകളില്‍ വീണ്ടും പണം  നിറയ്ക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിരുന്നെങ്കിലും പലയിടത്തും ഇതു നടപ്പായില്ല. ഇടത്തരം ടൗണുകളിലെയും ഗ്രാമീണ പ്രദേശങ്ങളിലെയും എടിഎമ്മുകള്‍ ഇന്നലെയും അടഞ്ഞുകിടന്നു. പണത്തിന്റെ ക്ഷാമം തന്നെയാണ് പ്രധാന കാരണം. ഇതോടെ ഉപഭോക്താക്കള്‍ നിരാശരായി മടങ്ങി. പൊതുമേഖലാ ബാങ്കുകളേക്കാള്‍ ഉപരി ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന പുതുതലമുറ ബാങ്കുകളുടെ എടിഎം കൗണ്ടറുകളാണ് കൂടുതലും പ്രവര്‍ത്തനസജ്ജമായത്. പുറംകരാര്‍ നല്‍കി ഏജന്‍സികള്‍ മുഖേന പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ പലതും പണം നിറയ്ക്കാതെ അടഞ്ഞുകിടക്കുകയാണ്. എസ്ബിടിയും എസ്ബിഐയും അടക്കമുള്ള പ്രമുഖ ബാങ്കുകള്‍ ഏജന്‍സികളെയാണ് പണം നിക്ഷേപിക്കുന്നതിനായി ആശ്രയിക്കുന്നത്. ബാങ്കുകള്‍ ഏജന്‍സികള്‍ക്ക് പണം നല്‍കിയാല്‍ മാത്രമേ ഇവ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. 1000 രൂപ, 500 രൂപ നോട്ടുകളുടെ അഭാവത്തില്‍ 100 രൂപ, 50 രൂപ നോട്ടുകളാണ് എടിഎമ്മുകളില്‍ നിറയ്ക്കുന്നത്. അതിനാല്‍ 50 ലക്ഷം വരെ നിറയ്ക്കാവുന്ന എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കഴിയുന്നത് നാലുലക്ഷം രൂപവരെ മാത്രം. പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ബാങ്കുകളുടെ കൈവശമുണ്ടെങ്കിലും പുതിയ നോട്ടിന്റെ അളവിനനുസരിച്ച് എടിഎമ്മുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതിനാല്‍ ഇവ ഇപ്പോള്‍ എടിഎമ്മുകളില്‍ ലഭ്യമല്ല. ഒരാള്‍ക്ക് 2000 രൂപ മാത്രമാണ് പ്രതിദിനം പിന്‍വലിക്കാനാവുന്നത്. കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും നല്ല തിരക്കാണ്. അസാധുവായ നോട്ടുകള്‍ ഒഴിവാക്കി പണം അക്കൗണ്ടിലെത്തിക്കാനായി പലരും സിഡിഎമ്മുകളെ ആശ്രയിക്കുകയാണ്. അതേസമയം, റദ്ദാക്കപ്പെട്ട കറന്‍സി മാറ്റി വാങ്ങാന്‍ ഇന്നലെയും ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നീണ്ട ക്യൂ ആയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. അതേസമയം, ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.  തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം പ്രത്യേക അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ 4,000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റിവാങ്ങാം. ചെക്ക് വഴി 10,000 രൂപയും മാറ്റിയെടുക്കാം. എന്നാല്‍, എത്രവലിയ തുകയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക