|    Dec 15 Fri, 2017 11:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എടിഎം തട്ടിപ്പ്: പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കി

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 22വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം ബള്‍ഗേറിയ കേന്ദ്രമാക്കിയാണെന്നും അതീവ സാങ്കേതികപരിജ്ഞാനമുള്ള സംഘത്തിലെ കണ്ണി മാത്രമാണു താനെന്നും പ്രതി പോലിസില്‍ മൊഴിനല്‍കി.
അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ എസ്ബിടി എടിഎമ്മുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ ബാങ്ക് അധികൃതര്‍ പരിശോധിക്കുകയാണ്. തലസ്ഥാനത്തെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ നഷ്ടപ്പെട്ടത് എട്ടുലക്ഷത്തോളം രൂപയാണെന്ന് അന്വേഷണസംഘം പറഞ്ഞു. കഴിഞ്ഞദിവസം പിന്‍വലിച്ച 47,800 രൂപ ഉള്‍പ്പെടെയാണിത്. തലസ്ഥാനനഗരത്തിലെ 30 എടിഎം കൗണ്ടറുകളില്‍ പരിശോധന നടത്തിയെന്നാണു മുഖ്യപ്രതിയുടെ മൊഴി. സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതോടെ ആല്‍ത്തറയിലെ എസ്ബിഐ എടിഎമ്മില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണം സ്ഥാപിച്ചു. ജൂണ്‍ 30നും ജൂലൈ 12നും ഇടയില്‍ വെള്ളയമ്പലത്തെ എസ്ബിടി എടിഎമ്മില്‍ നാലുതവണയാണ് ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിച്ചത്. ഇത്തരത്തില്‍ ബാങ്ക് നെറ്റ്‌വര്‍ക്കിലേക്കുള്ള കോഡ് മനസ്സിലാക്കി 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി. തുടര്‍ന്ന് കോഡ് ഭാഷയിലുള്ള എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ ബള്‍ഗേറിയയിലേക്കു കൈമാറുകയായിരുന്നു. ഈ വിവരങ്ങള്‍ മനസ്സിലാവുന്ന ഭാഷയിലേക്ക് ഡിക്രിപ്റ്റ് ചെയ്തു മുംബൈയിലെ കണ്ണികള്‍ക്കു നല്‍കുകയാണ് അടുത്തപടി.
പിന്നീട് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കാനെന്ന വ്യാജേന പ്ലാസ്റ്റിക് കാര്‍ഡുകള്‍ സംഘടിപ്പിച്ച് പിന്‍കോഡ് രേഖപ്പെടുത്തിയ മാഗ്‌നറ്റിക് റിബണ്‍ ഒട്ടിക്കും. ഈ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നാണു കണ്ടെത്തല്‍. ഗബ്രിയേലിന്റെ അറസ്റ്റിനുശേഷവും പണം പിന്‍വലിക്കല്‍ തുടരുന്നതിനാല്‍ തട്ടിപ്പുസംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നു വ്യക്തമായിട്ടുണ്ട്. മുംബൈയിലുള്ള ആളുടെ വിളിപ്പേരല്ലാതെ മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നാണ് ഗബ്രിയേലിന്റെ മൊഴി.
അതേസമയം, എടിഎം കവര്‍ച്ചയുടെ അന്വേഷണം സംബന്ധിച്ച് ഇപ്പോള്‍ കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും മൂന്നുദിവസത്തിനുള്ളില്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക