|    Mar 26 Sun, 2017 5:11 am
FLASH NEWS

എടിഎം തട്ടിപ്പ് : പ്രതിക്കൂട്ടിലാവുന്നത് ബാങ്കുകള്‍ തന്നെ, താല്‍പര്യം പണം പിടുങ്ങല്‍ മാത്രമോ?

Published : 8th August 2016 | Posted By: G.A.G

തിരുവനന്തപുരത്ത് എടിഎം കൗണ്ടറുകളിലൂടെ പണം നഷ്ടപ്പെട്ടതിന് പിന്നിലെ പ്രധാന കാരണങ്ങളിലേക്ക് അന്വേഷണം നീളുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് ബാങ്കുകള്‍ തന്നെ. എടിഎം കൗണ്ടറിന് മുകളില്‍ സ്ഥാപിച്ച ലെന്‍സ് ഘടിപ്പിച്ച ഉപകരണം വഴിയാണ് ഉപഭോക്താക്കളുടെ പിന്‍നമ്പറടക്കം ചോര്‍ത്തി പണം അടിച്ചുമാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ഇങ്ങിനെ പണം നഷ്ടപ്പെട്ടവരില്‍ ഒരാഴ്ചയിലേറെ എടിഎമ്മില്‍ പണമിടപാട് നടത്താത്തവരും ഉള്‍പ്പെടുന്നു എന്നത് സൂചിപ്പിക്കുന്നത് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ കൗണ്ടറില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിക്കപ്പെട്ടിരുന്നു എന്നു തന്നെയാണ്. അതായത് ഒരാഴ്ചയിലേറെയായി തങ്ങളുടെ കൗണ്ടറുകളില്‍ സ്ഥാപിക്കപ്പെട്ട  ഉപകരണം കണ്ടില്ലെന്നു നടിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍.
പകല്‍ക്കൊള്ള പോലെ എടിഎം ഫീ്‌സ് അക്കൗണ്ടുടമകളില്‍ നിന്നും സേവനങ്ങളുടെ പേരില്‍ ഈടാക്കുന്ന ബാങ്കുകളാണ് ഇത്തരം വീഴ്ചകളിലൂടെ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുത്തിയത്.
പലഎടിഎമ്മുകളിലും സുരക്ഷ ഇപ്പോഴും കടലാസില്‍ മാത്രമാണ്. കൗണ്ടറിനു സമീപം ആവശ്യമായ വെളിച്ചമില്ലാത്തതും മാസങ്ങളായി വൃത്തിയാക്കാത്തതുമായ കൗണ്ടറുകളും നിരവധിയാണ്. കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറില്‍ വാതിലിന് മുകളിലെ കട്ടിയുള്ള കൂറ്റന്‍ ചില്ലുപാളി തലയില്‍ വീണ് സെക്യൂരിറ്റിക്കാരന് പരിക്കേറ്റ സംഭവം ആരും അറിഞ്ഞതു പോലുമില്ല. രണ്ടു വര്‍ഷം മുന്‍പ് എടിഎം കൗണ്ടറിനുള്ളി്ല്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തെ കണ്ടെത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ എടിഎം കൗണ്ടറിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും എന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നുവെങ്കിലും അതൊന്നും നടപ്പാക്കാന്‍ പല ബാങ്കുകളും തയ്യാറായിട്ടില്ല. ഇപ്പോള്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറാകുമായിരിക്കാം. എങ്കിലും അത്യാവശ്യത്തിന് ഉപകരിക്കാത്ത പണം കൊണ്ട്് എന്തു കാര്യമെന്നാണ് ഉയരുന്ന ചോദ്യം.


ഉപഭോക്താക്കള്‍ എടിഎമ്മിനെ ആശ്രയിക്കുന്നതോടെ ക്യാഷ് കൗണ്ടറിലെ തിരക്കൊഴിവാക്കി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാവും എന്നതിനാല്‍ എടിഎം കൗണ്ടറുകളുടെ ഏറ്റവും വലിയ പ്രയോജനം ബാങ്കുകള്‍ക്കു തന്നെയാണ്. എന്നിട്ടും എടിഎം ഉപയോഗത്തിന് ചെറുതല്ലാത്ത തുക പിടിക്കുന്നതിലൂടെ ബാങ്കുകള്‍ പകല്‍ക്കൊള്ള നടത്തുകയാണ് എന്ന ആരോപണം വ്യാപകമാണ്. ഇതിനെതിരെ സതേജ് നീലാവര്‍ എന്നയാള്‍ ചേഞ്ച് ഡോട്ട് ഓര്‍ഗ് വെബ്‌സൈറ്റിലൂടെ പൊതുജനാഭിപ്രായം ശേഖരിച്ചു വരികയാണ്.

 

(Visited 369 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക