|    May 30 Tue, 2017 4:46 pm
FLASH NEWS

എടിഎം തട്ടിപ്പ്: നാലംഗസംഘത്തെ പോലിസ് തിരിച്ചറിഞ്ഞു

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹൈടെക് എടിഎം തട്ടിപ്പിനു പിന്നില്‍ നാലംഗ സംഘമാണെന്ന് പോലിസ് തിരിച്ചറിഞ്ഞു. റുമേനിയന്‍ പൗരന്‍ ഇയോണ്‍ സ്ലോറിനാണു സംഘത്തിലെ നാലാമന്‍. ഇയാളടക്കം മൂന്നു പ്രതികള്‍ വിദേശത്തേക്കു കടന്നതായാണു വിവരം.
സംഘത്തിലെ ഗബ്രിയേല്‍ മരിയന്‍ ഇലി (27), ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡിന്‍ ഫ്‌ളോറിയന്‍ (25) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഗബ്രിയേല്‍ മരിയനെ നവി മുംബൈയിലെ ഹോട്ടലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് ഘടിപ്പിച്ചാണു പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു  മൊഴി.
ഇയാളെ ബേലാപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളാ പോലിസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കേരളത്തിലെത്തിച്ചു വിശദമായി ചോദ്യംചെയ്യും. തട്ടിപ്പിന് പിന്നില്‍ ഇവര്‍ മാത്രമാണോ അതോ വലിയ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ വര്‍ളിയില്‍ക്യാംപ് ചെയ്തതെന്ന കാര്യവും തിരക്കുന്നുണ്ട്. അതിനിടെ ചൊവ്വാഴ്ച വൈകീട്ടും  ഒരാള്‍ക്ക്  അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിരുന്നു.  ഇത് അന്വേഷണസംഘത്തെയും ബാങ്ക് അധികൃതരെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
എസ്ബിഐയുടെ വെള്ളയമ്പലത്തെ എടിഎമ്മിലാണു തട്ടിപ്പ് നടന്നത്. തുടര്‍ന്ന് മുംബൈയില്‍ നിന്നാണ് 50ലേറെ പേരുടെ പണം പിന്‍വലിച്ചത്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ച സ്‌കിമ്മര്‍ പോലിസ് കണ്ടെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day