|    Mar 25 Sun, 2018 9:10 am
Home   >  Editpage  >  Editorial  >  

എടിഎം തട്ടിപ്പിന് ബാങ്കുകളും ഉത്തരവാദികളാണ്

Published : 22nd October 2016 | Posted By: SMR

വ്യാപകമായ തട്ടിപ്പുകള്‍ മൂലം വിവിധ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ മുപ്പത്തിരണ്ടു ലക്ഷത്തിലധികം എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ മരവിപ്പിക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിരിക്കുകയാണ്. ഇതൊരു സുരക്ഷാ നടപടിയാണ്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബാങ്കുകളും ധനകാര്യ വകുപ്പും ഏര്‍പ്പെട്ടിട്ടുള്ളത്. പക്ഷേ, ജനങ്ങളുടെ പരിഭ്രാന്തി അതുകൊണ്ടൊക്കെ വിട്ടുമാറുമെന്ന് കരുതിക്കൂടാ. ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ബന്ധപ്പെട്ടവര്‍ക്ക് ദൂരീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
റിസര്‍വ് ബാങ്കിന്റെ നിയമങ്ങളനുസരിച്ച്, ഉപഭോക്താവിന് ഉത്തരവാദിത്തമില്ലാത്ത വ്യാജ ഇടപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമാണ്. ഇന്‍കംടാക്‌സ് നിയമത്തിന്റെ 79ാം വകുപ്പനുസരിച്ച് ബാങ്കുകള്‍ ഇടനിലക്കാരാണ്. ഇടപാടുകളില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ട്. അതിനാല്‍ നഷ്ടപ്പെട്ട പണം ഇടപാടുകാര്‍ക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും. പക്ഷേ, അതിനു വേണ്ടിവരുന്ന നടപടിക്രമങ്ങളും കാലതാമസവും അവര്‍ക്ക് താങ്ങാവുന്നതായിരിക്കണമെന്നില്ല. തല്‍ക്കാലത്തേക്കെങ്കിലും അവര്‍ പ്രയാസങ്ങള്‍ സഹിച്ചേ തീരൂ. എന്നു മാത്രമല്ല, എടിഎം ഇടപാടുകള്‍ സംബന്ധിച്ചു ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് പുതിയ ഉപയോഗക്രമങ്ങള്‍ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക, മൂന്നോ നാലോ കാര്‍ഡുകള്‍ ഒരേസമയം ഉപയോഗിക്കുക, ഏറ്റവും കുറച്ചു പണം നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ടില്‍ മാത്രം ഷോപ്പിങ് പോലെയുള്ള പുറം ഇടപാടുകള്‍ നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇതെല്ലാം ഇടപാടുകാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കും. വിശേഷിച്ചും കാര്യമായ വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരും നിരക്ഷരരുമെല്ലാം വ്യാപകമായി എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് ബാങ്കിടപാടുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍. ഈ പ്രയാസത്തിന് ഉത്തരവാദിത്തം ഏതായാലും ഇടപാടുകാരല്ല ഏറ്റെടുക്കേണ്ടത്; നഷ്ടം ബാങ്കുകള്‍ തന്നെ ഏറ്റെടുക്കണം.
എന്തൊക്കെ ഒഴികഴിവുകള്‍ പറഞ്ഞാലും ഇപ്പോള്‍ എടിഎം ഇടപാടുകളിലുണ്ടായ വ്യാജ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിവരെ ഉത്തരവാദികള്‍ ബാങ്കുകാര്‍ തന്നെയാണ്. സാങ്കേതികവിദ്യ ലഭ്യമാക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യക്ഷമതയോ ജാഗ്രതയോ പലപ്പോഴും ആധുനികവല്‍ക്കരണത്തിനുവേണ്ടിയുള്ള ആവേശപ്പാച്ചിലില്‍ ബാങ്കുകള്‍ പുലര്‍ത്താറില്ല. എടിഎമ്മുകളില്‍ പണമില്ലാതിരിക്കുന്നതും അവ പണിമുടക്കുന്നതും പതിവാണ്. എടിഎം കൗണ്ടറുകളില്‍ നിന്ന് കള്ളനോട്ടുകള്‍ കിട്ടുന്ന അനുഭവംപോലുമുണ്ട്. സാങ്കേതികവല്‍ക്കരണത്തിന്റെ മേഖലയില്‍ ബാങ്കുകള്‍ ശരിയായ ആസൂത്രണം നടത്താത്തതു തന്നെയാണ് അതിനു കാരണം. വന്‍ ഇടപാടുകളാണ് യന്ത്രവല്‍ക്കരണത്തിന്റെ മേഖലയിലുള്ളത് എന്നതിനാല്‍ അഴിമതിയും നടക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇതു കാരണമാവുന്നു. എടിഎം തട്ടിപ്പുകളെക്കുറിച്ച് പറയുമ്പോള്‍ ഇതെല്ലാം കണക്കിലെടുക്കുകയും ബാങ്കുകള്‍ മറുപടി പറയുകയും ചെയ്‌തേ മതിയാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss