|    Jun 22 Thu, 2017 10:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എടിഎം കൗണ്ടറുകളില്‍ പണമില്ല: എടിഎം കരാറുകാര്‍ പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നു

Published : 22nd November 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തൃശൂര്‍: ബാങ്കുകളുടെ എടിഎം മെഷീനുകളില്‍ പണം നിറയ്ക്കാന്‍ കരാറെടുത്ത കമ്പനികള്‍ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിനല്‍കാന്‍ ചെലവഴിക്കുന്നത് കോടികള്‍. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇത്തരത്തില്‍ കോടികള്‍ മാറ്റിക്കൊടുക്കുന്നത്. വന്‍കിട മുതലാളിമാരുടെ കോടികളാണ് ഇത്തരത്തില്‍ 30 ശതമാനം കമ്മീഷനില്‍ മാറ്റിക്കൊടുക്കുന്നത്.
ഒരു കോടി രൂപയുടെ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ നല്‍കിയാല്‍ 70 ലക്ഷം രൂപയുടെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇവര്‍ നല്‍കും. അഞ്ചും ആറും കോടി രൂപയാണ് പലരും മാറ്റിയെടുത്തത്. മധ്യകേരളത്തിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും കുഴല്‍പ്പണക്കാരുമാണ് വ്യാപകമായി നോട്ട് മാറ്റിയെടുക്കുന്നത്. ഏജന്റുമാര്‍ മുഖേനയാണ് എടിഎം കരാറുകാര്‍ ഇടപാടുകാരെ ബന്ധപ്പെടുന്നത്. ഏജന്റുമാര്‍ക്ക് അഞ്ച് ശതമാനം കമ്മീഷനും നല്‍കുന്നുണ്ട്.
ഇതോടെ നാട്ടിന്‍പുറങ്ങളില്‍ പോലും പണക്കാരെ തേടി ഏജന്റുമാര്‍ എത്തിത്തുടങ്ങി. നോട്ട് എണ്ണുന്ന മെഷീനുമായാണ് എടിഎം കരാറുകാര്‍ പണം കൈമാറാന്‍ എത്തുന്നത്. വലിയ കച്ചവടക്കാരുമായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രഹസ്യ കേന്ദ്രങ്ങളിലെത്തിയാണ് പണം മാറ്റി നല്‍കുന്നത്. പഴയ നോട്ടുകളില്‍ കള്ളനോട്ടുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സൂക്ഷ്മമായി പരിശോധിച്ചാണ് പണം സ്വീകരിക്കുന്നത്. എടിഎമ്മുകള്‍ നിറയ്ക്കാന്‍ എത്തുന്ന പണം ഇത്തരത്തില്‍ മാറ്റി നല്‍കാന്‍ ഉപയോഗിക്കുന്നതോടെ സ്വാകാര്യ ബാങ്കുകളിലെ എടിഎമ്മുകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്.
സൗത്ത് ഇന്ത്യന്‍, ഫെഡറല്‍, യൂനിയന്‍, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങി മിക്ക ബാങ്കുകളുടേയും എടിഎമ്മുകള്‍ രണ്ട് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകളില്‍ മാത്രമാണ് പണം ലഭിക്കുന്നത്. അതുതന്നെ കുറഞ്ഞ സമയം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പഴയ നോട്ടുകള്‍ അസാധുവാക്കിയതോടെ പണമില്ലാതെ ദുരിതത്തിലായ ജനങ്ങള്‍ ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരങ്ങളിലെ തുറന്ന് കിടക്കുന്ന എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും നീണ്ട നിരയാണ് ദൃശ്യമാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക