|    Dec 18 Mon, 2017 3:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം: ആശങ്ക വേണ്ടെന്ന് കേന്ദ്രം

Published : 22nd October 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍   

ന്യൂഡല്‍ഹി: രാജ്യത്തെ 32 ലക്ഷത്തോളം എടിഎം കാര്‍ഡുകളുടെ പിന്‍നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ റിസര്‍വ് ബാങ്കിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റിപോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയുണ്ടാവുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസും അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഉചിതമായ നടപടി സ്വീകരിക്കും. വിവരങ്ങള്‍ ചോര്‍ത്തിയത് കംപ്യൂട്ടര്‍ വഴിയായതിനാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ പൊതുമേഖല, സ്വകാര്യ ബാങ്കുകളിലെ ചില എടിഎം സംവിധാനത്തില്‍ ആസൂത്രിതമായ പരസ്പരധാരണയോടു കൂടിയ ചോര്‍ച്ച നടന്നുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കേന്ദ്രമന്ത്രി ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ എടിഎം കാര്‍ഡുകളിലെ ഇടപാടുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവ റദ്ദാക്കി പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. എസ്ബിഐ ആറുലക്ഷം കാര്‍ഡുകള്‍ റദ്ദാക്കി പുതിയത് നല്‍കും. എല്ലാ ഉപയോക്താക്കളോടും പിന്‍നമ്പര്‍ മാറ്റാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍നമ്പര്‍ കൂടാതെയുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ ബാങ്കുകള്‍ റദ്ദാക്കിയിട്ടുണ്ട്. യെസ് ബാങ്കിന്റെ എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വീസില്‍ ജൂലൈയിലാണ് പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ സൂചനകള്‍ ലഭിക്കുകയായിരുന്നു.
യെസ് ബാങ്കിന്റെ എടിഎം കൗണ്ടറുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ മറ്റു ബാങ്കുകളുടെ കാര്‍ഡുടമകളുടെയും അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഇന്ത്യയിലായിരിക്കെ തങ്ങളുടെ എടിഎം ഉപയോഗിച്ച് പ്രധാനമായും ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് പണം പിന്‍വലിക്കുന്നുവെന്ന പരാതികളാണ് കഴിഞ്ഞദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്. 19 ബാങ്കുകളാണ് വഞ്ചനാപരമായ പണമിടപാടുകള്‍ നടന്നതായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍, 0.5 ശതമാനം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ബാക്കി 99.5 ശതമാനം അക്കൗണ്ടുകളും സുരക്ഷിതമാണെന്നും ധനകാര്യമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ജി സി മുര്‍മു പറഞ്ഞു. ഏകദേശം 60 കോടി എടിഎം കാര്‍ഡുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. കള്ളപ്പണ ഇടപാട് തടയാനായി കറന്‍സിരഹിത ഇലക്ട്രോണിക് ഇടപാടെന്ന ഇന്ത്യയുടെ നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയാണ് എടിഎം പിന്‍ ചോര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss