|    Jul 22 Sat, 2017 4:22 pm
FLASH NEWS

എടിഎം കവര്‍ച്ചാകേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Published : 13th July 2017 | Posted By: fsq

 

കഴക്കൂട്ടം: അമ്പലത്തിന്‍കരയിലുള്ള എസ്ബിഐ എടിഎം തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടു—പ്പിനായി കഴക്കൂട്ടത്തെത്തിച്ചു.  ആലപ്പുഴ ജില്ലയില്‍ ചെങ്ങനൂര്‍ സ്വദേശിയും ഡല്‍ഹി ഉത്തം നഗറില്‍ ആര്യ സമാജം റോഡില്‍ താമസക്കാരനുമായ കൃഷ്ണന്‍കുട്ടി മകന്‍ സുരേഷ്‌കുമാറി (37) നെയാണ് തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്.  കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനായ പ്രതിയുടെ ഫഌറ്റിനടുത്ത് താമസിച്ചിരുന്ന കൂട്ടുപ്രതികളുമായാണ് കഴിഞ്ഞ മെയ് 19ന് ഡല്‍ഹിയില്‍ നിന്നും തിരിച്ച് കേരളത്തിലെത്തി മെയ് 26ന് പുലര്‍ച്ചെ അമ്പലത്തിന്‍കരയിലുള്ള എടിഎം തകര്‍ത്ത് പണവുമായി മുങ്ങിയത്. കവര്‍ച്ചാ സംഘത്തിലെ അംഗമായ ഇതരസംസ്ഥാനക്കാരനായ സലിം എന്നയാള്‍ കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരമായി കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ട്രക്കുമായി സഞ്ചരിക്കുന്നയാളും കഴക്കൂട്ടത്തെ എസ്ബിഐ എടിഎം കൗണ്ടറിനുമുന്നില്‍ സ്ഥിരമായി ട്രക്ക് പാര്‍ക്ക് ചെയ്യുന്നയാളുമാണ്. ഇയാളുടെ സഹായത്തോടുകൂടിയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ സുരേഷ് കുമാറിനോടൊപ്പം ഡല്‍ഹി രജിസട്രേഷനിലുള്ള ഇന്നോവ കാറില്‍ കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് അമ്പലത്തിന്‍കരയിലെ എടിഎമ്മിന് സമീപം എത്തിയ പ്രതികള്‍ 500 മീറ്റര്‍ അകലെയായി വാഹനം പാര്‍ക്ക് ചെയ്ത ശേഷം എടിഎം കൗണ്ടറിനകത്തുകയറി ഷട്ടര്‍ താഴ്ത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരുകയായിരുന്നു. ഇതേ സംഘമാണ് ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര, മാരാരിക്കുളം എന്നിവിടങ്ങളില്‍ എടിഎം കവര്‍ച്ചാ ശ്രമം നടത്തിയതും ചെറിയനാട് എടിഎം തകര്‍ത്ത് മൂന്ന് ലക്ഷം രൂപ കവര്‍ച്ച ചെയ്തതും. കവര്‍ച്ചക്കുശേഷം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതികളെ സിസിടിവി കാമറകള്‍, പെട്രോള്‍ ബങ്കുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ തികച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലിസ് പിടികൂടിയത്.  കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശനുസരണം ടെകനോപാര്‍ക്ക് കഴക്കൂട്ടം പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് അജയ് കുമാര്‍, എസ്‌ഐ അജയകുമാര്‍, എഎസ്‌ഐ അന്‍വര്‍, സിപിഒമാരായ ഷഫി, പ്രസാദ്, ഷാഡോ ടീമംഗങ്ങളായ പ്രദീപ്, വിനോദ് രഞ്ചിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകള്‍ നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക