|    Mar 24 Fri, 2017 1:36 am
FLASH NEWS

എടിഎം: ഉപഭോക്താക്കളെ ചൂഷണം ചെയ്ത് സ്വകാര്യ -പൊതുമേഖലാ ബാങ്കുകള്‍ ; പിഴ ഈടാക്കി പിഴിയുന്നു

Published : 21st March 2017 | Posted By: fsq

 

കൊച്ചി: എടിഎം പണമിടപാടുകളുടെ മറവില്‍ സ്വകാര്യ- പൊതുമേലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നു വന്‍തോതില്‍ പണം ഈടാക്കുന്നതായുള്ള ആക്ഷേപം ശക്തമാവുന്നു. 1000 മുതല്‍ 10,000വരെയുളള ചെറിയ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ബാങ്കിന്റെ വക ഇരുട്ടടി. ഒരേ തുകയുടെ ഇടപാട് പല ദിവസങ്ങളില്‍ നടത്തുന്ന ഒരേ വ്യക്തിയില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്ന ബാങ്ക് പിഴയീടാക്കുന്നത് പല തരത്തിലാണ്. മിനിമം ബാലന്‍സ് അക്കൗണ്ടിലില്ലെങ്കില്‍ ഉപഭോക്താവില്‍ നിന്ന് പല തവണ ഈടാക്കുന്ന തുകയും വ്യത്യസ്തമാണ്. അതായത് മിനിമം ബാലന്‍സ് 1000രൂപ വേണമെന്നതിന്റെ പേരില്‍ എസ്ബിഐ-എസ്ബിടി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് 23 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കുന്നു. ചില സ്വകാര്യ ബാങ്കുകളില്‍ പിഴ 30നും മുകളിലാണെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം അക്കൗണ്ടില്‍ 1500 രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവില്‍ നിന്ന് പിഴയെന്ന പേരില്‍ 40രൂപ ഈടാക്കുന്നു. എന്നാല്‍, ഈ തുക എന്തിന് ഈടാക്കുന്നു എന്നതിന് ബാങ്കുകള്‍ക്ക്‌പോലും വ്യക്തമായ ധാരണയില്ല. ബ്രാഞ്ചുകളില്‍ അന്വേഷിച്ചാല്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹിഡന്‍ ചാര്‍ജുകളുടെ മറവിലാണ് ബാങ്കുകളുടെ പകല്‍കൊള്ള. കൊച്ചി നഗരത്തില്‍ ഒരു ബാങ്കില്‍ നിന്നും ഗ്രാമപ്രദേശത്തേക്കുള്ള അതേ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് ചെറിയ തുക നിക്ഷേപിച്ചാല്‍ ഇന്റര്‍സിറ്റി ചാര്‍ജെന്ന പേരിലാണ് പൈസ ഈടാക്കുന്നത്. 1000 രൂപയ്ക്ക് 60രൂപ വരെയാണ് ഈടാക്കുന്നത്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്ന സമയത്താണ് ബാങ്ക് പിഴ ഈടാക്കിയ വിവരം ഉപഭോക്താവ് അറിയുന്നത്. ഏതെങ്കിലും ആവശ്യത്തിന് 1000രൂപ മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ 100രൂപ അധികമായി നല്‍കണം. എങ്കില്‍ മാത്രമേ ആ പണം പിന്‍വലിക്കുന്ന വ്യക്തിക്ക് 1000രൂപ മുഴുവനായും ലഭിക്കുകയുളളു. അതല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് കുറച്ചിട്ടുള്ള പണം മാത്രമേ ലഭിക്കുകയുള്ളു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി 25വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കുകള്‍ക്ക് സ്വയംവരണാവകാശം നല്‍കിയ രാജ്യമാണ് ഇന്ത്യ. അടുത്തകാലത്ത് ബാങ്കിങ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമായതോടെയാണ് സ്വയംഭരണാവകാശം പല ബാങ്കുകളും ഉപയോഗിച്ച് തുടങ്ങിയത്. ആളുകള്‍ക്ക് ബാങ്കിങ് സേവനം നല്‍കുന്നതിനൊപ്പം നിലനില്‍പ്പിനുള്ള പോരാട്ടത്തിലുമാണ് പല ബാങ്കുകളും. മൂലധനം വര്‍ധിപ്പിച്ച് സുരക്ഷിതരാകുവാനുള്ള ഇവരുടെ ഓട്ടമാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ അവസാനിക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് ഒരുദിവസം 25 രൂപവരെ ഈടാക്കുമ്പോള്‍ മൊത്തം ഉപഭോഗക്താക്കളില്‍ നിന്ന് പ്രതിദിനം ബാങ്കുകളിലെത്തുന്നത് ലക്ഷക്കണക്കിന് രൂപയാണ്. സേവനനികുതി ഇനത്തിലെങ്കിലും സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ ഏകീകരണം നടപ്പാക്കണം. എടിഎം സര്‍വീസ,് ഇന്റര്‍സിറ്റി ചാര്‍ജുകള്‍ പോലുളള ഹിഡന്‍ ചാര്‍ജുകള്‍ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കുന്ന നടപടിയും ബാങ്കുകള്‍ അവസാനിപ്പിക്കണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക