|    Sep 24 Sun, 2017 8:52 am

എടവനക്കാട് അണിയില്‍ കടപ്പുറത്ത് നാല് പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനം

Published : 14th July 2017 | Posted By: fsq

 

വൈപ്പിന്‍: എടവനക്കാട് അണിയല്‍ കടല്‍ത്തീരത്ത് നാലു പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജലവിഭവമന്ത്രി മാത്യു ടി തോമസ് വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. വൈപ്പിന്‍ തീരത്തെ കടലാക്രമണഭീഷണിയുള്ള പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍— സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ശര്‍മ എംഎല്‍എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. അണിയില്‍, നായരമ്പലം പ്രദേശങ്ങളില്‍ കടലാക്രമണം മൂലം മണ്ണടിഞ്ഞുകൂടുന്നതും ഗതാഗതം തടസ്സപ്പെടുന്നതും പതിവാണെന്നും വീടുകളില്‍പ്പോലും വെള്ളംകെട്ടിനില്‍ക്കാറുണ്ടെന്നും എംഎല്‍എ വിശദമാക്കി. ചെന്നൈ ഐഐടി ഈ പ്രദേശത്ത് പഠനം നടത്തുകയും ആറ് പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ രണ്ടു— പുലിമുട്ടുകളുടെ നിര്‍മാണം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ബാക്കി നാല് പുലിമുട്ടുകളുടെ നിര്‍മാണത്തിന് ആവശ്യമായ നാലു കോടി രൂപ നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും അടിയന്തരമായി നിര്‍മാണം ഏറ്റെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വൈപ്പിന്‍ മുതല്‍ മുനമ്പം വരെയുള്ള കടലാക്രമണ ഭീഷണിയുള്ളതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളില്‍ 14 പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശത്തെ സംബന്ധിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജലവിഭവകുപ്പു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കടല്‍വെള്ളം അടിച്ചുകയറി വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളില്‍ പൈപ്പ് കല്‍വര്‍ട്ട്, ഡ്രൈയിനേജ് എന്നിവ നിര്‍മിക്കുന്നതിനുള്ള റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിയെയും എംഎല്‍എയെും കൂടാതെ ചീഫ് എന്‍ജിനീയര്‍ എ പി ബാലന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി പി അബ്ദുള്‍ ഷുക്കൂര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവന്‍മിത്ര, ജനപ്രതിനിധികളായ മനാഫ് മാനേഴത്ത്, റാണി രമേശ്, ധീവരസഭാ നേതാക്കളായ കെ കെ പുഷ്‌കരന്‍, കെ കെ തമ്പി, എ കെ സരസന്‍, പ്രദേശവാസികളായ പി എസ് വിനോദ്, കെ വി സിദ്ധാര്‍ത്ഥന്‍, എം ബി സജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക