|    Oct 17 Tue, 2017 11:39 am

എടവകയില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍; യുഡിഎഫ് യോഗം മാറ്റിവച്ചു

Published : 25th August 2016 | Posted By: SMR

മാനന്തവാടി: എടവകയില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍. ഇന്നലെ നടക്കേണ്ടിയിരുന്ന യുഡി എഫ് സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവച്ചു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാനന്തവാടി സഹകരണ ബാങ്കില്‍ ലീഗ് നിര്‍ദേശിച്ച വ്യക്തിക്ക് ജോലി നല്‍കണമെന്ന ആവശ്യത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ആദ്യപടി എന്ന നിലയ്ക്കാണ് എടവകയിലെ ലീഗ് ഭാരവാഹികള്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചതെന്നു പറയപ്പെടുന്നു. ജോലി നല്‍കണമെന്ന ലീഗിന്റെ ആവശ്യത്തോട് രണ്ടു വര്‍ഷമായി ഉദാസീന നിലപാടായിരുന്നു കോണ്‍ഗ്രസ്സിന്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗ് ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ജോലി നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മറുപടി. ലീഗിന്റെ പിന്തുണയോടെ ഒരു സീറ്റ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും നിയമനകാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നെങ്കിലും നാളിതുവരെയായിട്ടും തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതും.
പ്രശ്‌നത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഭരണത്തിന് പിന്തുണ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോവാനാണ് ലീഗിന്റെ നീക്കമെന്നും പറയപ്പെടുന്നു. എടവക ഗ്രാമപ്പഞ്ചായത്തില്‍ 19 വാര്‍ഡുകളാണുള്ളത്. കോണ്‍ഗ്രസ്സിന് ഏഴും ലീഗിന് മൂന്നും എല്‍ഡിഎഫിന് ഒമ്പതും സീറ്റുകളുണ്ട്.
ലീഗ് പിന്തുണ പിന്‍വലിച്ചാല്‍ എടവകയില്‍ ഭരണമാറ്റം വരെ ഉണ്ടായേക്കാം.
അതേസമയം, സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവച്ചത് ലീഗ് ഭാരവാഹികളില്‍ ചിലര്‍ക്കുള്ള അസൗകര്യം കണക്കിലെടുത്താണെന്നും മറ്റൊരു ദിവസം യോഗം ചേരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക