|    Jan 20 Fri, 2017 11:46 pm
FLASH NEWS

എടയ്ക്കല്‍ റോക്ക് ഷെല്‍ട്ടറിന് പൈതൃക പദവി; പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദഗതി

Published : 13th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: നവീന ശിലായുഗ സംസ്‌കൃതിയുടെ ശേഷിപ്പുകളില്‍ ഒന്നായ എടയ്ക്കല്‍ റോക്ക് ഷെല്‍ട്ടറിന് ലോക പൈതൃക പദവി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദഗതി. 2010ല്‍ സംസ്ഥാന പുരാവസ്തു വകപ്പ് തുടങ്ങിവച്ച നീക്കങ്ങള്‍ വഴിമുട്ടിനില്‍ക്കുകയാണ്. റോക്ക് ഷെല്‍ട്ടറിനെ പൈകൃത ഇടമായി പ്രഖ്യാപിക്കുന്നതിനു വേണ്ടി യുനസ്‌കോയില്‍ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യന്‍ ചരിത്ര കൗണ്‍സിലും വീഴ്ചവരുത്തുകയാണ്. രണ്ടു കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് റോക്ക് ഷെല്‍ട്ടര്‍. 1894ല്‍ മലബാര്‍ പോലിസ് സൂപ്രണ്ടും നരവംശശാസ്ത്രത്തില്‍ തല്‍പരനുമായിരുന്ന ഫോസ്റ്റാണ് റോക്ക് ഷെല്‍ട്ടറിനെയും അതിലെ ചരിത്ര സമ്പന്നതയെക്കുറിച്ചുമുള്ള വിവരം ആദ്യമായി പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഷെല്‍ട്ടറിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമെ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലഖിതങ്ങളുള്ളതും എടയ്ക്കലിലെ ശിലാഭിത്തികളിലാണ്. ബിസി 4000നും എഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി  രചിക്കപ്പെട്ടതാണ് ഇവയെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്‌കാരിക പ്രാധാന്യം യുനസ്‌കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ടു ദേശീയ സെമിനാറുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഗുഹയുടെയും രചനകളുടെയും ദീര്‍ഘകാല സംരക്ഷണത്തിനുതകുന്ന പരിപാടികളാണ് ശില്‍പശാലയില്‍ ചര്‍ച്ചയ്ക്ക് വിഷയങ്ങളായത്. പുരാവസ്തു ഗവേഷകര്‍, ശിലാരൂപീകരണശാസ്ത്ര വിദഗ്ധര്‍, വിവിധ ഐടിഐകളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, ഭൗമവിദഗ്ധര്‍, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ശിലാവശിഷ്ടശാസ്ത്ര ഗവേഷകര്‍, സസ്യശാസ്ത്രജ്ഞര്‍, ചിത്രകാരന്മാര്‍, ചരിത്രവിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. അന്നു സംസ്ഥാന സാംസ്‌കാരിക മന്ത്രിയായിരുന്ന കെ സി ജോസഫായിരുന്നു ശില്‍പശാലകളില്‍ ഒന്നിന്റെ ഉദ്ഘാടകന്‍. റോക്ക് ഷെല്‍ട്ടറിനെ ലോകത്തെ അത്യപൂര്‍വ പൈതൃക സമ്പത്തുകളിലൊന്നായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റോക്ക് ഷെല്‍ട്ടറിനും പത്മനാഭപുരം കൊട്ടാരത്തിനും ലോക പൈതൃക പദവി നേടിയെടുക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സജീവമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുമുണ്ടായി. കന്യാകുമാരി ജില്ലയില്‍ കേരളത്തിന്റെ കൈവശമുള്ളതാണ് പത്മനാഭപുരം കൊട്ടാരം. റോക്ക് ഷെല്‍ട്ടറിനെ ലോക പൈതൃക ഇടമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം മുമ്പ് ഡോ. എലിസബത്ത് തോമസിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചിരുന്നു. യുനസ്‌കോ പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടവ എടയ്ക്കല്‍ റോക്ക് ഷെല്‍ട്ടറിനു ലോക പൈതൃക പദവി നേടിയെടുക്കുന്നതിനു പര്യാപ്തമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സ്‌പെഷ്യല്‍ ഓഫിസര്‍ സംസ്‌കാരിക വകുപ്പിനു നല്‍കിയ റിപോര്‍ട്ടില്‍ കാര്യമായ തുടര്‍നടപടി ഉണ്ടായില്ല. പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. 1984ലാണ് എടയ്ക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്. ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് സങ്കേതവുമാണ് എടയ്ക്കല്‍ റോക്ക് ഷെല്‍ട്ടറും പരിസരവും. 2006ല്‍ 1,09,578 മുതിര്‍ന്നവരും 25,022 കുട്ടികളുമാണ് റോക്ക് ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചത്. 2014-15ല്‍ 3,50,758 ആയിരുന്നു ആകെ സന്ദര്‍ശകരുടെ എണ്ണം. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ചെയര്‍മാനും ഡിടിപിസി സെക്രട്ടറി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ് എടയ്ക്കലില്‍ വിനോദസഞ്ചാരം നിയന്ത്രിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക