|    May 25 Thu, 2017 6:53 am
FLASH NEWS

എടപ്പാളില്‍ വീണ്ടും ജ്വല്ലറി തട്ടിപ്പ് ; പണം നഷ്ടപ്പെട്ടവര്‍ പ്രക്ഷോഭത്തിന്

Published : 17th July 2016 | Posted By: SMR

എടപ്പാള്‍: ജ്വല്ലറിയിലെ സ്വര്‍ണാഭരണ നിക്ഷേപത്തില്‍ പണം നിക്ഷേപിച്ചവരെ വഞ്ചിച്ച് ഉടമകള്‍ സ്ഥലം വിട്ടു. ജങ്ഷിലെ പൊന്നാനി റോഡില്‍ സര്‍വീസ് സ്‌റ്റേഷനു സമീപത്തായി രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ജ്വല്ലറിയാണ് നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി മുങ്ങിയത്. ഒരുവര്‍ഷത്തേയ്ക്ക് സ്വര്‍ണ നിക്ഷേപ സ്‌കീമുകളില്‍ ചേര്‍ന്നവരുടെ പണമാണ് നഷ്ടമായത്. ഓരോ മാസവും നിശ്ചിതസംഖ്യ ജ്വല്ലറിയുടെ സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ഒരുവര്‍ഷം കഴിയുമ്പോള്‍ പണിക്കൂലിയില്ലാതെ നിക്ഷേപസംഖ്യയും അതിന്റെ ബോണസും ചേര്‍ത്ത് സ്വര്‍ണാഭരണം വാങ്ങാമെന്ന വ്യവസ്ഥയിലായിരുന്നു പദ്ധതി തുടങ്ങിയത്. വീടുകള്‍ തോറും കയറി കാര്യങ്ങള്‍ വിശദീകരിച്ച് പദ്ധതിയില്‍ ചേര്‍ക്കുന്നതിനും മാസാമാസം നിക്ഷേപ സംഖ്യ പിരിച്ചെടുക്കുന്നതിനുമായി സ്ത്രീകളെയാണ് ഏജന്റുമാരായി നിയമിച്ചിരുന്നത്. കാലാവധി കഴിഞ്ഞ നിക്ഷേപകര്‍ അവരുടെ സ്വര്‍ണം ഇവിടെ തന്നെ നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. തിരൂരിലുള്ള ഇവരുടെ ഹെഡ്ഡ് ഓഫിസില്‍ ഇതുപോലെ നിക്ഷേപം സ്വീകരിച്ചിരുന്നു. യഥാസമയം ആഭരണം നല്‍കാത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഇടപാടുകാര്‍ ഓഫിസിലെത്തി ബഹളം വച്ചിരുന്നു. അതിനിടെ പോലിസെത്തിയാണ് നിക്ഷേപകരെ പിരിച്ചുവിട്ടത്. അതിനെ തുടര്‍ന്നാണ് എടപ്പാളിലെ ബ്രാഞ്ച് കഴിഞ്ഞ ദിവസം പൂട്ടി ഉടമകള്‍ സ്ഥലം വിട്ടത്. നിലവില്‍ ജ്വല്ലറിയില്‍ ആഭരണങ്ങളൊന്നും സ്‌റ്റോക്കില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. 18നു തിങ്കളാഴ്ച നിക്ഷേപകര്‍ക്ക് തങ്ങളുടെ ആഭരണമോ പണമോ തിരിച്ചു നല്‍കുമെന്ന് ഉടമകള്‍ ഉറപ്പുനല്‍കിയതായി പറയുന്നുണ്ട്. തിങ്കളാഴ്ച ഇതു സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നിക്ഷേപകര്‍. ആറുമാസങ്ങള്‍ക്കു മുമ്പാണ് എടപ്പാളില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ജ്വല്ലറി കോടിക്കണക്കിനു രൂപ നിക്ഷേപകരെ വഞ്ചിച്ച് കട പൂട്ടി സ്ഥലം വിട്ടത്. ഇതില്‍പണം നഷ്ടപ്പെട്ടവര്‍ ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ജ്വല്ലറി ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് പോലിസിനുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ജ്വല്ലറി നടത്തുന്ന ഗ്രൂപ്പിന്റേതാണ് ഈ ജ്വല്ലറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day