|    Oct 19 Fri, 2018 6:34 pm
FLASH NEWS

എടപ്പാളിലും മലപ്പുറത്തും വന്‍ മോഷണം; അന്വേഷണം ഊര്‍ജിതം

Published : 5th August 2016 | Posted By: SMR

മലപ്പുറം/എടപ്പാള്‍: കഴിഞ്ഞ ദിവസങ്ങളിലായി എടപ്പാളിലും മലപ്പുറത്തുമുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. എടപ്പാളില്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ഇരുപതു പവനും അയ്യായിരം രൂപയും കവര്‍ന്ന സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം എടപ്പാള്‍ അയിലക്കാട് വൈദ്യര്‍മൂല മാക്കാലിക്കല്‍ ഇന്ദിര (67)യുടെ വീട്ടിലാണ് നാടകീയ സംഭവങ്ങളും മോഷണവും നടന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇന്ദിരയുടെ വീട്ടിലെത്തി തങ്ങള്‍ വയനാട്ടില്‍ നിന്നു വരുന്നവരാണെന്നും വിദേശത്തുള്ള മരുമകന്‍ തങ്ങളുടെ കൈയില്‍ പണവും സാധനങ്ങളും തന്നയച്ചിട്ടുണ്ടെന്നും അതു തരാന്‍ വന്നതാണെന്നും പറയുകയായിരുന്നു. ഈ സമയം മകള്‍ ജോലിക്കു പോയതിനാല്‍ ഇന്ദിര മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുശലന്വേഷണം പറയുന്നതിനിടെ ഇവര്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇന്ദിര വെള്ളമെടുത്തു നല്‍കി. തുടര്‍ന്നു എഴുതാന്‍ പേപ്പര്‍ വേണമെന്നു പറഞ്ഞതിനെത്തുടര്‍ന്നു പേപ്പര്‍ എടുക്കാന്‍ അകത്തു കയറിയ ഇന്ദിരയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ബഹളമുണ്ടാക്കരുതെന്നു ആവശ്യപ്പെട്ട് ക്ലോറോഫോം മണപ്പിക്കുകയായിരുന്നു. ബോധരഹിതയായി ഇന്ദിര താഴെ വീണപ്പോള്‍ കിടപ്പുമുറിയിലെ അലമാറയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണാഭരണവും അയ്യായിരം രൂപയുമെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഏറെ സമയത്തിനു ശേഷം ബോധം തിരിച്ചുകിട്ടിയ ശേഷമാണ് ഇന്ദിര പരിസരവാസികളെ വിവരമറിയിച്ചത്.
പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, ചങ്ങരംകുളം എസ്‌ഐ വി കെ ബേബി എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞു മലപ്പുറത്തുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മുപ്പതിനും നാല്‍പ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന രണ്ടുപേരാണ് വീട്ടിലെത്തിയതെന്ന വിവരമാണ് പോലിസിനു ലഭിച്ചത്. ഇവര്‍ക്കു ഈ കുടുംബത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായാണ് അറിയുന്നത്. വീട്ടിലെ അംഗങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയ മോഷ്ടാക്കള്‍ ഇന്ദിരയോടു വ്യാജേന കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. കൈവശമുള്ള മോഷ്ടാക്കളുടെ പടങ്ങള്‍ ഇന്ദിരയെ കാണിച്ചു അന്വേഷണം മുന്നോട്ടു കൊണ്ടുപോവാനാണ് പോലിസിന്റെ നീക്കം. പ്രായമായതിനാല്‍ ഇന്ദിരയ്ക്കു ഇവ തിരിച്ചറിയാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല, ഏതായാലും വിപുലമായ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ ഡിവൈഎസ്പി കെ വി സന്തോഷ് പറഞ്ഞു. പൊന്നാനി സിഐ മുഹമ്മദ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.
അതിനിടെ മലപ്പുറം കെഎസ്ഇബി ഓഫിസിനടുത്ത് വലിയറ അബ്ദുള്‍സലാമിന്റെ വീട്ടില്‍നിന്നു 46 പവന്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതായി പറയുന്നത്. വിരമറിഞ്ഞു മലപ്പുറം സിഐ പ്രേംജിത്ത് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും തെളിവെടുത്തു. എങ്ങനെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത് എന്നതിനെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നു പോലിസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി സിഐ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ടു ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss