|    Nov 19 Sun, 2017 4:07 pm
FLASH NEWS

എടക്കഴിയൂരില്‍ വ്യാപാരി നേതാവിനെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Published : 8th August 2017 | Posted By: fsq

 

ചാവക്കാട്: ഹോട്ടല്‍ തൊഴിലാളിയെ മര്‍ദിച്ചത് ചോദ്യം ചെയ്തതിന് വ്യാപാരി നേതാവിനെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് എടക്കഴിയൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. എടക്കഴിയൂര്‍ ഹോട്ടല്‍ മോഡേണ്‍ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂര്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറിയുമായ മോഡേണ്‍ ബഷീര്‍ (47), ഹോട്ടലിലെ തൊഴിലാളി ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി തഞ്ചില്‍ ഹോസന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബഷീറിന് നെഞ്ചിനും തോളെല്ലിനുമാണ് പരിക്ക്. ഇരുവരേയും മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടേയാണ് സംഭവം. ഹോട്ടലിലെ തൊഴിലാളിയായ തഞ്ചില്‍ ഹോസനെ നേരത്തെ പ്രതി മര്‍ദിച്ചിരുന്നു. ഇതു സംബന്ധിച്ച് കാര്യമന്വേഷിക്കുന്നതിനായി ബഷീര്‍ നടന്നു പോകവെ പ്രതി ഓട്ടോറിക്ഷയുമായി എതിരെ വന്ന് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. താഴെ വീണപ്പോഴാണ് തോളെല്ലിന് പരിക്കേറ്റത്. ബഷീറിന്റെയും സഹോദരന്റേയും ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിന്നുള്ള മലിന ജലം തൊട്ടടുത്തുള്ള ഇവരുടെ വീട്ടു വളപ്പിലെ തെങ്ങിന് ഒഴിക്കുന്ന ജോലിയാണ് ബംഗാള്‍ തൊഴിലാളി  ചെയ്തു വന്നിരുന്നത്. ഇതിനായി പെട്ടി ഓട്ടോറിക്ഷയുമായി പോകവെയാണ് തഞ്ചില്‍ ഹോസന് മര്‍ദനമേറ്റത്. ചാവക്കാട് പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക