|    Apr 25 Tue, 2017 3:55 pm
FLASH NEWS

എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നഷ്ടപരിഹാരം നല്‍കണം

Published : 21st November 2016 | Posted By: SMR

എടക്കര: ഗുണഭോക്താവിന് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി വിധി. വഴിക്കടവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് പുളിക്കല്‍, മുന്‍ സെക്രട്ടറി കുട്ടന്‍ എന്നിവരാണ് കാരക്കോട് വള്ളുവക്കാടന്‍ സുബൈദയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃക്കോടി ഉത്തരവായത്. കെട്ടിടനിര്‍മാണ പെര്‍മിറ്റിന് ഫീസ് വാങ്ങിയിട്ടും ഗുണഭോക്താവിന് സര്‍ക്കാര്‍ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. നഷ്ടപരിഹാരമായി പതിനായിരം രൂപയും, കോടതിച്ചിലവിലേക്കായി അയ്യായിരം രൂപയും മുപ്പത് ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കാനാണ് വിധി. പരാതിക്കാരി ഏതെങ്കിലും തരത്തില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള നിയമനടപടി സ്വീകരക്കാമെന്നും ഉത്തരവിലുണ്ട്. മറിച്ച് അപേക്ഷയും ബന്ധപ്പെട്ട രേഖകളും ശരിയായ രീതിയിലാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ഉത്തരരവിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും കോടതി വിധിയില്‍ പ്രതേ്യകം പറയുന്നുണ്ട്. ഇതിലെന്തെങ്കിലും വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരമായി അന്‍പതിനായിരം രൂപ 12 ശതമാനം പലിശ സഹിതം നല്‍കണം. വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി തേടി 2014ല്‍ സുബൈദ അപേക്ഷ നല്‍കിയിരുന്നു. സ്ഥലം പരിശോധിച്ച അധികൃതര്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കാവുന്നതാണെന്നും അതിലേക്ക് ഫീസ് അടയ്ക്കാനും ആവശ്യപ്പെട്ടു. ഫീസ് അടച്ചെങ്കിലും നിശ്ചിത തിയ്യതി കഴിഞ്ഞിട്ടും കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് സുബൈദ പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീല്‍ നല്‍കി. ഇതിന് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയില്ല. സെക്രട്ടറി ഉചിതമായ തീരുമാനമെടുത്തതിനാല്‍ ഭരണസമിതി പരിഗണിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ഹഫ്‌സത്ത് പുളിക്കല്‍ മറുപടി നല്‍കി.തുടര്‍ന്ന് നിയമമനുസരിച്ച് സുബൈദ കെട്ടിട നിര്‍മാണം ആരംഭിച്ചു. ഇത് നിര്‍ത്തിവയ്ക്കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, അപേക്ഷ തക്കതായ കാരണത്താല്‍ നിരസിക്കാത്തതിനാല്‍ ഇവര്‍ കെട്ടിടം പണി തുടര്‍ന്നു. കഴിഞ്ഞ ആഗസ്ത് 31ന് ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day