|    May 21 Mon, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എജിയുടെയും ഡിജിപിയുടെയും നിയമോപദേശം തിരിച്ചടിയാവുന്നു

Published : 20th December 2017 | Posted By: kasim kzm

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ എജിയും ഡിജിപിയും നല്‍കിയ നിയമോപദേശം അനുസരിച്ച് കുറ്റാരോപിതര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ കൈക്കൊണ്ട ധ്രുതനടപടികള്‍ സര്‍ക്കാരിനുതന്നെ തിരിച്ചടിയാവുന്നു. കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ വിഷയം രാഷ്ട്രീയവിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ സപ്തംബര്‍ 25നാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയ്ക്ക് ശേഷം ഒക്ടോബര്‍ 3ന് റിപോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനോടും സര്‍ക്കാര്‍ നിയമോപദേശം തേടി. സരിത എസ് നായരുടെ പക്കല്‍നിന്ന് പണം കൈപറ്റിയതായി കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇരുവരും സര്‍ക്കാരിനു നല്‍കിയ ഉപദേശം. ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയിക്കുന്ന പെരുമ്പാവൂരിലെയും കോന്നിയിലെയും സോളാര്‍ ബന്ധമുള്ള കേസുകള്‍ വീണ്ടും അന്വേഷിക്കണം. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും കേസ് വേണം. സോളാര്‍ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പ്രത്യേക പോലിസ് സംഘത്തിലെ എല്ലാവര്‍ക്കുമെതിരേ വകുപ്പുതല നടപടി വേണം. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് എഡിജിപി പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ള പോലിസ് സംഘടനാ ഭരവാഹിക്കെതിരേ വരെ അന്വേഷണം വേണമെന്നായിരുന്നു എജിയും ഡിജിപിയും ഉപദേശിച്ചത്. ഒക്ടോബര്‍ 10നാണ് നിയമോപദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത്. 11ന് രാവിലെ വേങ്ങര തിരഞ്ഞെടുപ്പ് ദിവസം വാര്‍ത്താസമ്മേളനം വിളിച്ച്് മുഖ്യമന്ത്രി ഇവ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഈ നടപടിയെ ഹൈക്കോടതി ഇന്നലെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എജിയുടെയും ഡിജിപിയുടെയും നിയമോപദേശം നിലനില്‍ക്കില്ലെന്ന് നിയമസെക്രട്ടറി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെയാണ് കൂടുതല്‍ നിയമോപദേശത്തിലേക്ക് മുഖ്യമന്ത്രി നീങ്ങിയത്. തുടര്‍ന്ന് സുപ്രിം കോടതിയിലെ മുന്‍ ജഡ്ജി അരിജിത് പസായതിനോട് വിദഗ്ധ നിയമോപദേശം തേടി. അഴിമതി ആരോപണം മാത്രമേ നിലനില്‍ക്കുള്ളൂവെന്ന് ലൈംഗികചൂഷണം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും പാസായത്  സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതോടെ ആദ്യമെടുത്ത നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകവേയാണ് സോളാര്‍ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss