|    Oct 16 Tue, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എച്ച്‌ഐവി ബാധിച്ച സംഭവം : വീഴ്ച സംഭവിച്ചില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി റിപോര്‍ട്ട്

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസി നടപടികളില്‍ പിഴവുണ്ടായിട്ടില്ലെന്ന് എയ്ഡ്‌സ് ക ണ്‍ട്രോള്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് രക്തം നല്‍കിയത് നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചാണെന്ന് ബോധ്യപ്പെട്ടതായി സൊസൈറ്റി ഡയറക്ടര്‍ ഡോ. ആര്‍ രമേശ് വ്യക്തമാക്കി. 49 പേരില്‍ നിന്നു സ്വീകരിച്ച രക്തമാണ് കുട്ടിക്ക് നല്‍കിയത്. ഇവ ശരിയായ പരിശോധനയ്ക്ക് വിധേയമാക്കി രക്തം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇവരിലാരെങ്കിലും വിന്‍ഡോ പിരീഡില്‍ ഉള്ളവരായിരിക്കാമെന്നുമാണ് നിഗമനം. വിന്‍ഡോ പിരീഡില്‍ രോഗബാധ കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ല. ഇതാണ് ഇവിടെ തിരിച്ചടിയായത്. ഇല്ലാത്ത സംവിധാനത്തിന്റെ പേരില്‍ ആര്‍സിസിക്കു മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഡോ. രമേശ് പറഞ്ഞു.  വിന്‍ഡോ പിരീഡില്‍ രോഗബാധ കണ്ടെത്താനുതകുന്ന അത്യാധുനിക ന്യൂക്ലിക് ആസിഡ് പരിശോധന ആര്‍സിസിയിലും സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലും ലഭ്യമാക്കണമെന്ന ശുപാര്‍ശയും റിപോര്‍ട്ടിനൊപ്പം സൊസൈറ്റി നല്‍കിയിട്ടുണ്ട്. ഇന്നലെ ആര്‍സിസി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിനു കൈമാറും. ആര്‍സിസിയുടെ സാങ്കേതിക പിഴവല്ല സംഭവത്തിനു പിന്നിലെന്നാണ് ആഭ്യന്തര അന്വേഷണത്തിലെയും കണ്ടെത്തല്‍. ഈ റിപോര്‍ട്ടുകളെല്ലാം സമഗ്രമായി പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പ് ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി ഇന്നു റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നാണ് സൂചന. അതേസമയം, കുട്ടിക്ക് രക്തം നല്‍കിയ ആളുകളെ തിരിച്ചറിഞ്ഞ് അവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടിയെ വീണ്ടും ചെന്നൈയിലെ റീജ്യനല്‍ ലബോറട്ടറിയില്‍ രക്തപരിശോധനയ്ക്ക് അയക്കണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സംഘം ശുപാര്‍ശ ചെയ്തിരുന്നു. ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്താനായിരുന്നു നിര്‍ദേശം. എപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായത് എന്നതു സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് പരിശോധന. എന്നാല്‍, ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്തിയത്. ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിച്ചതിനു ശേഷമാണ് എച്ച്‌ഐവി ബാധിച്ചത്. മാര്‍ച്ചിനു മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്‌ഐവി നെഗറ്റീവായിരുന്നു. അതിനാല്‍, ആര്‍സിസിയിലെ ചികില്‍സാപ്പിഴവാണെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss