|    Mar 25 Sat, 2017 1:40 am
FLASH NEWS

എച്ച്‌ഐവി, എയിഡ്‌സ് പ്രതിരോധ നിയന്ത്രണ ബില്ല് ഭേദഗതി ചെയ്തു

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2014ലെ എച്ച്‌ഐവി, എയ്ഡ്‌സ് ബാധിതര്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുക, അവരുടെ ചികില്‍സ നിയമപരമായ അവകാശമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ തയ്യാറാക്കിയ എച്ച്‌ഐവി, എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ ബില്ലിലെ ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
എച്ച്‌ഐവി ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. എച്ച്‌ഐവിയുമായി ബന്ധപ്പെട്ട വിവേചനങ്ങള്‍ പരിഹരിക്കുക, നിയമത്തിന്റെ പിന്‍ബലത്തോടെ നിലവിലെ പരിപാടികള്‍ ശക്തിപ്പെടുത്തുക, പരാതികള്‍ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ഔദ്യോഗിക സംവിധാനം രൂപീകരിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളാണ്. ജോലിയോ വിദ്യാഭ്യാസമോ ആരോഗ്യ സേവനമോ നേടുന്നതിന് മുമ്പ് എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയമാവണമെന്ന ആവശ്യവും ഈ ബില്ല് നിരോധിച്ചിട്ടുണ്ട്.
എച്ച്‌ഐവി ബാധയുടെ പേരില്‍ ജോലിയോ വിദ്യാഭ്യാസമോ ആരോഗ്യസേവനമോ താമസസൗകര്യമോ ഇന്‍ഷുറന്‍സോ നിഷേധിക്കാന്‍ പാടില്ല. 18 വയസ്സില്‍ താഴെയുള്ള എച്ച്‌ഐവി ബാധിതന് പങ്കാളിത്ത കുടുംബത്തില്‍ താമസിക്കുന്നതിനും അവിടത്തെ സൗകര്യങ്ങള്‍ നേടുന്നതിനുമുള്ള അവകാശമുണ്ടായിരിക്കും. ഇത്തരത്തില്‍ മൈനറായിട്ടുള്ള എച്ച്‌ഐവി രോഗികളുടെ രക്ഷാകര്‍തൃത്വം ബില്ല് ഉറപ്പ് വരുത്തുന്നു. ഒരു കോടതി ഉത്തരവ് ഇല്ലാത്തപക്ഷം ഒരു വ്യക്തിയെയും തന്റെ എച്ച്‌ഐവി നില വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ബില്ല് അനുശാസിക്കുന്നു.
ഈ നിയമത്തിന്റെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും ബില്ല് നിര്‍ദേശിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്താണ് ബില്ല് കൊണ്ടുവന്നത്.
തുടര്‍ന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യക്കും യൂറോപ്യന്‍ യൂനിയനുമിടയിലെ ജലസഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടുന്നതിനും പ്രധാനമന്ത്രി അധ്യക്ഷനായി കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
സാങ്കേതിക, ശാസ്ത്ര, ജല വിനിയോഗ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സംയോജിത ജലവിഭവ നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാങ്കേതിക സഹകരണം ധാരണാപത്രത്തിലൂടെ ഉറപ്പുവരുത്തും.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക