|    Oct 18 Wed, 2017 9:31 am
FLASH NEWS
Home   >  Kerala   >  

എങ്ങു പോയി സന ഫാത്തിമ? കേരളത്തിനകത്തും പുറത്തും അന്വേഷണം

Published : 7th August 2017 | Posted By: G.A.G

കാഞ്ഞങ്ങാട്: പാണത്തൂര്‍ ബാപ്പുങ്കയത്ത് നിന്നും അങ്കണവാടി വിദ്യാര്‍ഥി സന ഫാത്തിമയ്ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം തുടങ്ങി. കുട്ടിയെ കാണാതായിട്ട് നാലു ദിവസം പിന്നിടുമ്പോഴും ഒരു സൂചനയും ലഭിക്കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.
കുട്ടി ഒഴുക്കില്‍പെട്ടുവെന്നാണ് പോലിസ് ഇപ്പോഴും സംശയിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍  പാണത്തൂര്‍ പുഴയില്‍ തീരദേശ പോലിസിന്റെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്. പാണത്തൂര്‍ പുഴയിലെ ബളാന്തോട് ഭാഗത്താണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദഗ്ധരെ സഹായിക്കുന്നതിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും രംഗത്തുണ്ട്.
പാണത്തൂര്‍ പുഴ ചെന്ന് ചേരുന്ന കാസര്‍കോട് ചന്ദ്രഗിരി പുഴയിലെ വിവിധ ഭാഗങ്ങളിലും പോലിസ് തിരച്ചില്‍ നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് കുട്ടിയെ പാണത്തൂരിലെ വീട്ടുമുറ്റത്ത് നിന്നും കാണാതായത്. അങ്കണവാടിയില്‍ നിന്ന് പിതാവിന്റെ റിക്ഷയില്‍ വീട്ടുമുറ്റത്ത് എത്തിയിരുന്നു. മാതാവ് ഇളയ കുട്ടിയെ ഉറക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാലരയോടെ നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. അന്നേ ദിവസംശക്തമായ മഴയുണ്ടായിരുന്നതിനാല്‍  വീട്ടിന് തൊട്ടടുത്തുള്ള ഓവുചാലില്‍ ഒഴുക്കുണ്ടായിരുന്നു. ഓവുചാല്‍ പരിസരത്ത് നിന്ന് കുട്ടിയുടെ ചെരുപ്പും കുടയും കണ്ടെത്തിയിരുന്നു.

തോട്ടിലെ മീനുകളെ നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതാകാമെന്ന സംശയത്തിലാണ് പുഴയില്‍ പരിശോധന നടത്തുന്നത്. കുട്ടിയെ നാടോടി സംഘം തട്ടിക്കൊണ്ടുപോയെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രരിപ്പിക്കുന്നതിനെ തുടര്‍ന്ന് അന്വേഷണം ഇതര സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയകളില്‍ അന്വേഷണ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ പോസ്റ്റ് ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക