|    Jan 22 Sun, 2017 11:49 pm
FLASH NEWS

എക്‌സൈസ് പരിശോധന ഫലപ്രദമാവുന്നില്ല; സംസ്ഥാനത്തേക്ക് വിദേശമദ്യം ഒഴുകുന്നു

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: ഓണവിപണി ലക്ഷ്യമിട്ട് അയല്‍സംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ വിദേശമദ്യം കടത്തുമ്പോഴും എക്‌സൈസ് അധികൃതര്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഓണക്കാലത്ത് വ്യാജമദ്യവും അനധികൃത സ്പിരിറ്റും ഒഴുകുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപോര്‍ട്ട് ഉള്ളപ്പോഴാണ് അധികൃതര്‍ ഇതിനെതിരേ കണ്ണടയ്ക്കുന്നത്.
കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും മദ്യലോബികളുടെ ഗോഡൗണുകളില്‍ നിന്നാണ് സ്പിരിറ്റ് കേരളത്തിലേക്ക് ഒഴുകുന്നത്. ദേശീയപാതവഴി കടന്നുവരുന്ന വാഹനങ്ങളെ പോലിസും ഹൈവേ പട്രോള്‍ സംഘവും പരിശോധിക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും സ്പിരിറ്റ് വാഹനങ്ങള്‍ പിടിക്കുന്നത്. എന്നാല്‍ ഇവയില്‍ ഇരട്ടിയിലധികം വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ട്. കഴിഞ്ഞമാസം 10 മുതല്‍ എക്‌സൈസ് പ്രത്യേക പരിശോധനകള്‍ തുടങ്ങിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോലിസ്, എക്‌സൈസ് വിഭാഗങ്ങളുടെ സഹായത്തോടെ മദ്യ, സ്പിരിറ്റ് കടത്ത് സംബന്ധിച്ച വിവരശേഖരണം നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമായും മാഹി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണു കേരളത്തിലേക്ക് മദ്യം ഒഴുകിയെത്തുന്നത്. മാഹിയിലെ മദ്യത്തിനുള്ള വിലക്കുറവാണ് അനധികൃത മദ്യക്കച്ചവടക്കാരെ ആകര്‍ഷിക്കുന്നത്. ഓണം പ്രമാണിച്ച് മദ്യക്കമ്പനികളുടെ വ്യാജവില്‍പനയും പൊടിപൊടിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ലിറ്റര്‍ മദ്യമാണു പ്രതിദിനം മദ്യക്കമ്പനികള്‍ ഉണ്ടാക്കുന്നത്. വേസ്‌റ്റേജ് ഇനത്തില്‍ വലിയ അളവ് മദ്യം മിച്ചമാവും. 190 പ്രൂഫ് ലിറ്ററിലുള്ള സ്പിരിറ്റ് ഉപയോഗിച്ച് ഒരു ലിറ്ററില്‍ നിന്ന് ശരാശരി 2.25 ലിറ്റര്‍ മദ്യം ഉണ്ടാക്കാം. അധികമായി ഉണ്ടാക്കുന്ന മദ്യം ഇടനിലക്കാര്‍ക്ക് കമ്പനികള്‍ നേരിട്ടു വില്‍ക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിലും കൂടുതല്‍ പണം ഇടനിലക്കാരില്‍ നിന്നു കിട്ടുമെന്നതാണു കമ്പനികളുടെ അമിതലാഭം. നികുതിയും നല്‍കേണ്ടതില്ല. ഇതു മൂന്നും നാലും ഇരട്ടി വിലയ്ക്ക് ഇടനിലക്കാര്‍ മറിച്ചുവില്‍ക്കുന്നു. എന്നാല്‍ ഇത്തരം ഇടനില വില്‍പ്പനയെക്കുറിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പ് അധികൃതര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക