|    Jan 23 Mon, 2017 4:00 pm

എക്‌സൈസ് പരിശോധന; ജൂണില്‍ പിടികൂടിയത് 163.270 ലിറ്റര്‍ വിദേശമദ്യം

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് ജില്ലയില്‍ കഴിഞ്ഞമാസത്തില്‍ 1056 റെയ്ഡുകള്‍ നടത്തിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 156 അബ്കാരി കേസുകളും 20 എന്‍ഡിപിഎസ് കേസുകളും 532 കോട്പാ കേസുകളും കണ്ടുപിടിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്രയും കേസുകളിലായി 184 പ്രതികളെ അറസ്റ്റു ചെയ്തു.
163.270 ലിറ്റര്‍ വിദേശമദ്യം, 12.123 കിഗ്രാം കഞ്ചാവ്, 480 ലിറ്റര്‍ വാഷ്, 195.030 ലിറ്റര്‍ അരിഷ്ടാസവം, 68.25 ലിറ്റര്‍ ബിയര്‍, 36,736 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, 500 ഗ്രാം ടുബാക്കോ പൗഡര്‍, ആറ് ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് 24,500 രൂപ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. കോട്പാ നിയമപ്രകാരം 1,05,200 രൂപാ പിഴയീടാക്കി.
അമരവിള, ആറ്റുപുറം, നെയ്യാര്‍ഡാം എന്നീ ചെക്ക്‌പോസ്റ്റുകള്‍ വഴി നികുതി വെട്ടിച്ചുകടത്താന്‍ ശ്രമിച്ച ഉല്‍പ്പന്നങ്ങള്‍ പിടികൂടി വാണിജ്യ നികുതി വകുപ്പിനു കൈമാറി 67,430 രൂപ നികുതിയിനത്തില്‍ ഈടാക്കി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങിന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റ് വ്യാജങ്ങളുടേയും ഉല്‍പാദനം, കടത്ത്, വില്‍പന എന്നിവ തടയുന്നതിന് എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ചെക്ക്‌പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും പുകയില ഉല്‍പ്പന്നങ്ങളുടേയും അനധികൃത കടത്തും വില്‍പ്പനയും തടയുന്നതിന് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
റേഷന്‍ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന; 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ റേഷന്‍ കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 14 കേസുകളെടുത്തു.
അളവില്‍ കുറച്ചു വില്‍പന നടത്തുക, യഥാസമയം മുദ്ര ചെയ്യാത്ത അളവ് തുക ഉപകരണങ്ങള്‍ ഉപയോഗിക്കുക, മുദ്ര ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത്, ഉല്‍പന്നങ്ങള്‍ ഉള്ളടക്കം ചെയ്ത പാക്കറ്റിനു പുറത്തു നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, എംആര്‍പിയില്‍ അധികം വില വാങ്ങുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനക്ക് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എസ് ശിവകുമാരന്‍ നായര്‍, ബി എസ് അജിത് കുമാര്‍ നേതൃത്വം നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ജയ, ഇന്‍സ്‌പെക്ടര്‍മാരായ പി റ്റി ശ്രീകാന്ത്, സിജു സത്യദാസ്, വി ആര്‍ മനോജ്, എ ഷാജഹാന്‍, എ രതീഷ്, ഇന്‍സ്‌പെക്റ്റിങ് അസ്സിസ്റ്റന്റുമാരായ എസ് എസ് ചന്ദ്രബാബു, ബി ദിജി, റ്റി വിജയകുമാര്‍, സി വേണുഗോപാലന്‍, എന്‍ എസ് പ്രകാശ് എന്നിവര്‍ പങ്കെടുത്തു. പരിശോധനകള്‍ തുടരുമെന്ന്ം അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക