|    Jan 22 Sun, 2017 7:38 pm
FLASH NEWS

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജിന് അവാര്‍ഡ്

Published : 15th August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: സേവന മികവിനുള്ള മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ എക്‌സൈസ് മെഡലിന് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സികെ സുനില്‍രാജ് അര്‍ഹനായതോടെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഓഫീസിന് ഇത് അഭിമാനത്തിന്റെ പൊന്‍ തൂവലായി.കഴിഞ്ഞ വര്‍ഷം ഇതേ സമയം സംസ്ഥാനത്തെ ഏറ്റവും മികച്ച മികച്ച സിവില്‍ എക്‌സൈസ് ഓഫീസറെയും ലഭിച്ചത് ഇതേ ഓഫീസിലെ തന്നെ രാജകുമാറിലൂടെയാണ്.
തുടര്‍ച്ചയായി രണ്ട് തവണയും ഒരേ ഓഫീസിലെ തന്നെ രണ്ടു പേര്‍ക്ക് ലഭിച്ചതിലൂടെ ജോലിയോടുള്ള അത്മാര്‍ത്ഥതയില്‍ അഭിമാനിക്കുകയാണ് ജീവനക്കാര്‍.പരാദീനതകള്‍ക്ക് നടുവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അവാര്‍ഡ് തിളക്കം ഏറെയാണ്. തൊണ്ടിമുതല്‍ സൂക്ഷിക്കാനും, പ്രതികളെ പാര്‍പ്പിക്കാനും സൗകര്യമില്ലാത്ത ഓഫീസ് കെട്ടിടത്തിലാണ് എക്‌സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് പെരിയാര്‍ പാലത്തിനു സമീപത്തെ ഓഫീസ് മിനി സ്‌റ്റേഡിയത്തിനു സമീപത്തേക്ക് മാറ്റിയത്.പരാധീനതയ്ക്കിടയില്‍ ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷത്തിലാണ് ജീവനക്കാര്‍.അവാര്‍ഡ് ഇന്‍സ്‌പെക്ടറിനു കൂടി.
ആയതോടെ ഇരട്ടി മധുരമായി.കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍  എക്‌സൈസ് വകുപ്പില്‍ നിന്നും 14 പേരെയാണ് മെഡലിനായി തിരഞ്ഞെടുത്തത്.ഇതില്‍ സംസ്ഥാനത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ പിടികൂടിയതിനു നേതൃത്വം നല്‍കിയതാണ് സുനില്‍രാജിനെ മെഡലിലെത്തിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ പിടികൂടിയത് ഇദ്ദേഹമാണ്.
വണ്ടിപ്പെരിയാറിലെ  പോയ ഒരു വര്‍ഷത്തില്‍ 81 കേസുകളിലായി 114 പേരെ ഇദ്ദേഹം അറസ്റ്റുചെയ്തു.ബൈക്കുകളും കാറുകളുമൊക്കെയായി 28 വാഹനങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ  ഏറ്റവും വലിയ ഹാഷിഷ് വേട്ട നടത്തിയത് ഈ കാലയളവിലാണ്.
ജാഗ്രതയോടെയും, സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യാനായി. രാജ്യാന്തര ശൃംഖലയിലെ താഴെത്തട്ടിലെ ഇടനിലക്കാര്‍ മാത്രമാണ് പിടിയിലാവുന്നത്.ഉന്നതങ്ങളില്‍ ഇടപെടാന്‍ തന്റെ നിലയില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാവില്ലെന്നും ഇദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിനൊപ്പം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായ സുനില്‍രാജിനെ സംബന്ധിച്ചിടത്തോളം ഈ അംഗീകാരം സമര്‍പ്പിത സേവനത്തിനും സത്യസന്ധതയ്ക്കും ലഭിച്ച അംഗീകാരമാണ്.
തൊടുപുഴ മേഖലയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിക്കുന്നതിലും സജീവമായിരുന്നു സുനില്‍ .പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്കായി ഇദ്ദേഹം മുന്‍ കൈയെടുത്തു നടപ്പിലാക്കിയ പരിശീലന പരിപാടിയായിരുന്ന പ്രോജക്ട് കാന്റില്‍ ലൈറ്റ് ഏറെ ശ്രദ്ധനേടി.കലാ സാംസ്‌കാരിക സംഘടനയായ ഫ്യൂജിഗംഗയുടെ സെക്രട്ടറിയാണ് സുനില്‍രാജ്.സൂര്യ ഫെസ്റ്റിവല്‍ അടക്കമുള്ള കലാ പരിപാടികള്‍ക്കൊപ്പം ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്കും സംഘടന പ്രാധാന്യം നല്‍കാറുണ്ട്.
കാഞ്ഞാര്‍ ചെത്തിത്തറയില്‍ പരേതരായ കേശവന്‍പങ്കജാക്ഷി ദമ്പതികളുടെ മകനായ സുനില്‍രാജ് തങ്കമണി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ എല്‍.ഡി. ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.പിന്നീട് എക്‌സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫിസര്‍ തസ്തികയില്‍ ജോലി ലഭിച്ചു.
മൂവാറ്റുപുഴ, പാമ്പാടി, തൊടുപുഴ, മൂന്നാര്‍, കാക്കനാട് ദേവികുളം ഡിസ്റ്റലറി എന്നിവിടങ്ങളില്‍ ജോലി നോക്കി.ഇപ്പോള്‍ മൈലക്കൊമ്പിലാണ് താമസം.അമ്പിളിയാണ് ഭാര്യ. മക്കളായ അഭിനന്ദ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്, വിജയ് നാലാം ക്ലാസില്‍ പഠിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക