|    Sep 24 Mon, 2018 7:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എകെജി വിവാദം; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍എകെജി വിവാദം; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍

Published : 10th January 2018 | Posted By: kasim kzm

തിരുവനന്തപുരം: എ കെ ഗോപാലന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വി ടി ബല്‍റാം നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെച്ചൊല്ലി ആരംഭിച്ച വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. വി ടി ബല്‍റാമിനെ വിമര്‍ശിച്ച് വി എസ് അടക്കമുള്ള സിപിഎം നേതാക്കളും ഇടതു അനുഭാവികളായ സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയപ്പോള്‍ ബല്‍റാമിനെ പിന്തുണച്ച് കോണ്‍ഗ്രസ് ലീഗ് നേതാക്കളുമെത്തി.  പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയല്‍ പേജിലെഴുതിയ ‘അമുല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ എന്ന ലേഖനത്തിലാണ് ബല്‍റാമിനെ വിഎസ് രൂക്ഷമായി വിമര്‍ശിക്കുന്നത്. ചരിത്രസംഭവങ്ങളെ ദീപ്തമാക്കിയ ഏറ്റവും ഉജ്ജ്വലമായ പേരാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എകെജി. ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് അവര്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അത്. എകെജിയുടെ വേര്‍പാടിനു ശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവകോണ്‍ഗ്രസ് നേതാവ്. കംപ്യൂട്ടറുകള്‍ കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്ന് കോണ്‍ഗ്രസ്സുകാര്‍തന്നെ പറയുന്നു. കംപ്യൂട്ടറും സാമൂഹിക മാധ്യമങ്ങളുമൊന്നും വന്നിട്ട് അധികകാലമായിട്ടില്ല. അതിനു മുമ്പുതന്നെ ഈ നാടുണ്ട്; ഇവിടെ മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. അവരുടെയെല്ലാം അരികുകളിലൂടെ സഞ്ചരിക്കുന്നില്ലെങ്കില്‍ പിന്നെ അയാളോട് എന്തുപറയാന്‍. വിവാഹത്തെക്കുറിച്ച് ഗാന്ധിജിയുടെ അഭിപ്രായമെങ്കിലും അയാള്‍ അറിയണമെന്നും വിഎസ് പറഞ്ഞു. വിഎസിന്റെ വിമര്‍ശനങ്ങളെ രൂക്ഷമായ ഭാഷയിലാണ് ബല്‍റാം വിമര്‍ശിച്ചത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസിന്റെ വീക്ക്‌നെസാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ചും നിയമസഭയില്‍ നടത്തിയ അധിക്ഷേപങ്ങള്‍ ഞങ്ങളുടെയൊക്കെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലും ബല്‍റാം പോസ്റ്റില്‍ നടത്തുന്നു. സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല; ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമുല്‍ ബേബിമാരെ കയര്‍ഫെഡ് എംഡി മുതല്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വരെയുള്ള ഉന്നത പദവിയിലേക്ക് ഉയര്‍ത്തിയത് ആരാണെന്നറിയാമെന്നും ബല്‍റാം പറഞ്ഞു. അതേസമയം, സിനിമാപ്രവര്‍ത്തകരായ അനൂപ് ചന്ദ്രനും ഭാഗ്യലക്ഷ്മിയും ബല്‍റാമിനെ വിമര്‍ശിച്ചു. ചരിത്രമറിയാത്തയാളാണ് ബല്‍റാമെന്ന് ഭാഗ്യലക്ഷ്മിയും നായക്കു പിറന്നവര്‍പോലും പറയാത്ത കാര്യമാണ് എകെജിയെക്കുറിച്ച് ബല്‍റാം പറഞ്ഞതെന്ന് അനൂപ് ചന്ദ്രനും വിമര്‍ശിച്ചു. ബല്‍റാമിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനും മുസ്‌ലിംലീഗ് എംഎല്‍എ കെ എം ഷാജിയും രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss