|    Oct 19 Fri, 2018 3:00 pm
FLASH NEWS
Home   >  Kerala   >  

എകെജി ബാലപീഡനകനെന്ന്;ബല്‍റാമിനെതിരെ വ്യാപക വിമര്‍ശനം,ഓഫീസിനുനേരെ മദ്യക്കുപ്പിയേറ്

Published : 6th January 2018 | Posted By: mi.ptk

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. ബല്‍റാമിന്റെ പരാമര്‍ശം ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ടതാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് പറഞ്ഞു. പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധവുമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, വിടി ബല്‍റാം മാപ്പുപറയണമെന്ന് സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ ബി അരുന്ധതി ആവശ്യപ്പെട്ടു.  എ.കെ.ജി യെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവെന്ന രീതിയില്‍ നിങ്ങള്‍ ബഹുമാനിക്കണമെന്നില്ല. പക്ഷെ ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഢനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടായെന്നും അരുന്ധതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സാംസ്‌കാരിക പാരമ്പര്യത്തെ തെല്ലെങ്കിലും ബഹുമാനിക്കുന്നുണ്ടെങ്കില്‍ ബല്‍റാം കേരള ജനതയോട് മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ പറഞ്ഞു.പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന എ.കെ.ജിയെക്കുറിച്ച് രാഷട്രീയ എതിരാളികള്‍ പോലും പറയാന്‍ മടിക്കുന്ന വാക്കുകളാണ് വി.ടി ബല്‍റാം നടത്തിയിരിക്കുന്നതെന്ന് ജനതാദള്‍ എസ് പാര്‍ലമെന്ററി ബോര്‍ഡ് മെമ്പര്‍ വി രാജേഷ് പ്രേം പറഞ്ഞു.
അതേസമയം, ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിന് നേരെ അജ്ഞാതര്‍ മദ്യക്കുപ്പിയെറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലാണ്, എകെജിയെ ബാലപീഡകനെന്ന് വിളിച്ചുകൊണ്ട് എംഎല്‍എ വിടി ബല്‍റാം കമന്റിട്ടത്.ഉത്തര കൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എകെജിയെ ബല്‍റാം മോശം വാക്കുകളില്‍ ആക്ഷേപിച്ചത്. എകെജി ബാലപീഡനം നടത്തിയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് ബല്‍റാം ചര്‍ച്ചക്കിടെ പോസ്റ്റുചെയ്തത്. സംഭവവം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തി. പറയേണ്ടത് പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന ഹാഷ് ടാഗിലാണ് ബല്‍റാം വിശദീകരണം നല്‍കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യത്തേത് ‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.

#പറയേണ്ടത്ബപറഞ്ഞിട്ടേബപോകുന്നുള്ളൂ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss