|    Sep 23 Sun, 2018 6:04 am
FLASH NEWS
Home   >  Kerala   >  

എകെജിയെ അവഹേളിച്ച എംഎല്‍എയുടെ നടപടി വിവരക്കേട്:മുഖ്യമന്ത്രി

Published : 7th January 2018 | Posted By: mi.ptk

തിരുവനന്തപുരം:എകെജിയെ അവഹേളിച്ച വിടി ബല്‍റാം എംഎല്‍എയുടെ നടപടി വകതിരിവില്ലായ്മയും വിവരക്കേടുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എ കെ ജിയെ അവഹേളിച്ച എം എല്‍ എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. വിവരദോഷിയായ എം എല്‍ എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം:
എ കെ ജിയെ അവഹേളിച്ച എം എല്‍ എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണ്. എ കെ ജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം. ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിര്‍ഗുണ ഖദര്‍ ധാരികള്‍ ഓര്‍ക്കുന്നത് നന്ന്. എ കെ ജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവ് സ. സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോണ്‍ഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss