|    May 25 Thu, 2017 8:54 am

എഐവൈഎഫിന്റെ സമ്മേളന വേദിയില്‍ വി എസ്; സിപിഎമ്മില്‍ പ്രതിഷേധം

Published : 26th August 2016 | Posted By: SMR

കൊച്ചി: സിപിഎമ്മും സിപിഐയും തമ്മില്‍ എറണാകുളത്ത് പോരു മൂര്‍ച്ഛിച്ചിരിക്കുന്നതിനിടയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ സിപിഐയുടെ യുവജന സംഘടനയായ എഐ വൈഎഫിന്റെ ജില്ലാ സമ്മേളന വേദിയില്‍ എത്തിയത് സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. വിഷയം സിപിഎം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അറിയുന്നു.
എഐവൈഎഫിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധസംഗമമാണ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തത്. സിപിഎം നടപടി എടുത്തവരെ മാലയിട്ട് സ്വീകരിച്ച സിപിഐയുടെ നിലപാടിനെതിരേ സിപിഎം ജില്ലാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ ജില്ലാ സമ്മേളന വേദിയില്‍ ഉദ്ഘാടകനായി വി എസ് അച്യുതാനന്ദന്‍ എത്തിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. വി എസിന്റെ നടപടി ജില്ലയിലെ സിപിഎമ്മിന് ക്ഷീണമായെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഉദയംപേരുരില്‍ സിപിഎം വിട്ടവരെ സിപിഐ സ്വീകരിച്ചതു മുതല്‍ ജില്ലയില്‍ സിപിഎം-സിപിഐ ബന്ധം വഷളായിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
സിപിഐയുടെ നടപടി  ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കുവെന്നായിരുന്നു പി രാജീവ് പറഞ്ഞത്. ഇതിനെതിരേ സിപിഐ ജില്ലാ സെക്രട്ടറി പി രാജു രംഗത്തുവന്നതോടെയാണ് ഇരു പാര്‍ടികളും തമ്മില്‍ ജില്ലയില്‍ പോര് മൂര്‍ച്ഛിച്ചത്. സിപിഐയിലെ അസംതൃപ്തരെ സിപിഎം വിളിച്ചാല്‍ സിപിഐ എറണാകുളം ജില്ലയില്‍ ഇല്ലാതാവുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരേയും സിപിഐ ജില്ലാ സെക്രട്ടറി പി രാജു കഴിഞ്ഞ ദിവസം വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാത്രമേ കാണുന്നുള്ളൂവെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഇതിന് മറുപടി പറഞ്ഞത്. സിപിഐയെക്കുറിച്ചും സിപിഐയുടെ ചരിത്രത്തെക്കുറിച്ചും വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടു മാത്രം പറഞ്ഞതാവാമെന്നാണ് കരുതുന്നതെന്നും സിപിഎം ഒന്നു വിളിച്ചാല്‍ ഓടിച്ചെന്ന് സിപിഎം കൂടാരത്തില്‍ അണിയുന്നവരല്ല സിപിഐക്കാര്‍ എന്ന സാമാന്യധാരണ പോലും സിപിഎം ജില്ലാ സെക്രട്ടറിക്ക് ഉണ്ടാവാതെ പോയതില്‍ സിപിഐ ഖേദിക്കുന്നു. സിപിഎം സഖാക്കളെ വിളിച്ചു നടക്കേണ്ട ആവശ്യം സിപിഐക്ക് ഇല്ല. വിളിക്കാതെ തന്നെ സിപിഎം മെംബര്‍മാരും ബഹുജന സംഘടനാ പ്രവര്‍ത്തകരും കൂട്ടം കൂട്ടമായി സിപിഐയില്‍ സ്വയം വന്നുചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
സ്വന്തം അടിത്തറ ഇളകുമ്പോള്‍ നടക്കുന്ന ജല്പനം മാത്രമായിട്ടേ സിപിഎമ്മിന്റെ പ്രസ്താവനയെ കാണുന്നുള്ളൂവെന്നും വരുന്ന ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇനിയും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേരുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നും പി രാജു പറഞ്ഞിരുന്നു.
ഇത്തരത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കുന്നതിനിടയിലാണ് വി എസ് അച്യുതാന്ദന്‍ ഇന്നലെ എഐവൈഎഫിന്റെ സമ്മേളന വേദിയില്‍ ഉദ്ഘാടനകനായി എത്തിയത്. വി എസിന്റെ നടപടിക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുമെന്നും അറിയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day